എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ് -ബ്രഡ് വച്ച്
പലപ്പോഴും തിരക്ക് മൂലം മിക്കവരും നേരാംവണ്ണം ബ്രേക്ക്ഫാസ്റ്റ് കഴിക്കാറ് പോലുമില്ലെന്നതാണ് സത്യം. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് വലിയ രീതിയിലാണ് തിരിച്ചടിയാവുക. ദിവസത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ബ്രേക്ക്ഫാസ്റ്റാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയാറ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റാണെങ്കില്‍ പതിവായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്ന ശീലമെങ്കിലും ഒഴിവാക്കാം.
അത്തരത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. പതിനഞ്ച് മിനുറ്റ് കൊണ്ട് പരിമിതമായ ചേരുവകള്‍ കൊണ്ട് തന്നെ ഇത് തയ്യാറാക്കാം. പ്രധാനമായും ബ്രഡാണ് ഇതിന് വേണ്ടത്. ബ്രഡ് കഴിഞ്ഞാല്‍പ്പിന്നെ, ധാരാളം പോഷകഗുണങ്ങളുള്ള ആപ്പിളാണ് ഇതിലെ പ്രധാന ചേരുവയായി വരുന്നത്. ബ്രഡ് ആപ്പിള്‍ ഫ്രഞ്ച് ടോസ്റ്റെന്നാണ് ഇതിനെ വിളിക്കുക.
ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ബ്രഡ്, ആപ്പിള്‍ എന്നിവയ്ക്ക് പുറമെ മുട്ട, പാല്‍, ക്രീം, ബട്ടര്‍, പഞ്ചസാര, കറുവപ്പട്ട എന്നിവയാണ് ഇതിനാവശ്യമുള്ളത്. ആദ്യം ഒരു ബൗളില്‍ രണ്ടോ മൂന്നോ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി പതപ്പിക്കുക. ഇതിലേക്ക് പാലും ക്രീമും ചേര്‍ത്ത് നല്ലതായി യോജിപ്പിക്കണം. ശേഷം കറുവപ്പട്ടയും ചേര്‍ക്കുക.
ഈ സമയത്ത് ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി, കറുവപ്പട്ടയും പഞ്ചസാരയും ചേര്‍ത്ത് അത് നന്നായി ഉരുകുന്നത് വരെ ചൂടാക്കുക. ഇനിയിതിലേക്ക് മുറിച്ചുവച്ച ആപ്പിള്‍ ചേര്‍ക്കണം. ഇനി നേരത്തെ തയ്യാറാക്കിവച്ച കൂട്ടില്‍ ബ്രഡ് മുക്കി ബട്ടറില്‍ പൊരിച്ചെടുത്ത ശേഷം ആപ്പിള്‍ മുകളില്‍ വയ്ക്കുക. ആപ്പിള്‍ ഫ്രഞ്ച് ടോസ്റ്റ് റെഡി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നല്ലരീതിയില്‍ ഇഷ്ടപ്പെടുന്നൊരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിത്.