ഒരാളുടെ ടിക്കറ്റ് നിരക്കിൽ മൂന്ന് പേർക്ക് യു.എ.ഇയില്‍ നിന്ന് കേരളത്തിലെത്താം
പ്രവാസികള്‍ പ്രത്യേകിച്ച് മലയാളികൾ എല്ലാ കാലത്തും നേരിടുന്ന പ്രതിസന്ധിയാണ് നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്ര. അടിക്കടി കൂടുന്ന ടിക്കറ്റ് വര്‍ദ്ധന സാധാരണക്കാരായ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ബാധ്യതയാണ് വരുത്തി വെക്കുന്നത്. ഈ അമിതമായ ടിക്കറ്റ് നിരക്ക് കാരണം അവധി ലഭിച്ചാലും നാട്ടിലേക്ക് പോകാനുള്ള സ്വപ്നം ഉപേക്ഷിക്കുന്നവരുമുണ്ട് . യു .എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് വരാനാണ് പലപ്പോഴും ഏറെ പ്രയാസം.
ദുബായ് ടു കേരള വിമാനങ്ങളിലെല്ലാം വലിയ നിരക്കാണ് ടിക്കറ്റിനായി ഈടാക്കുന്നത്. എന്നാല്‍ ഒമാന്‍ വഴി കേരളത്തിലേക്കുള്ള യാത്രാനിരക്ക് വളരെ കുറവാണ് . അതിനാൽ ഒമാൻ വഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടുകയാണ്. യു .എ .ഇയില്‍ നിന്ന് ഒമാന്‍ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം എന്നത് വളരെയധികം ആശ്വാസകരം തന്നെ . സ്വന്തം പേരില്‍ വാഹനമുള്ള യു .എ .ഇ വിസക്കാര്‍ക്ക് റോഡ് മാര്‍ഗം മസ്‌കറ്റില്‍ എത്തി അവിടെ നിന്ന് കേരളത്തിലേക്ക് പറക്കാനും തിരിച്ച് വരുമ്പോള്‍ മസ്‌കറ്റില്‍ എത്തി വാഹനമെടുത്ത് യു .എ .ഇയിലേക്ക് മടങ്ങാനും സാധിക്കും. ഇതുവഴി യു. എ .ഇയില്‍ നിന്ന് അഞ്ചിരട്ടി പണം നല്‍കി നേരിട്ട് കേരളത്തില്‍ പോയി വരുന്ന ഒരാളുടെ തുക കൊണ്ട് ഒമാന്‍ വഴി രണ്ടോ മൂന്നോ പേര്‍ക്ക് നാട്ടില്‍ പോയി വരാം എന്നാണ് പറയുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഒമാനില്‍ മധ്യവേനല്‍ അവധി. മേയ് അവസാന ആഴ്ചയില്‍ പോയ വിദേശികളുടെ തിരിച്ചുവരവ് തുടങ്ങുന്നതോടെ വിദേശത്തേക്കുള്ള വിമാനങ്ങളില്‍ തിരക്ക് കുറയും. ഇതാണ് നിരക്ക് കുറയാന്‍ കാരണം. യു .എ .ഇയില്‍ നിന്ന് ഡല്‍ഹി, മുംബൈ, ജയ്പുര്‍, ഗോവ, അഹമ്മദാബാദ് തുടങ്ങിയ സെക്ടറുകള്‍ വഴി കേരളത്തിലേക്ക് പോകുമ്പോള്‍ ടിക്കറ്റ് ഇതിലും കുറയുമെന്നതാണ് വസ്തുത .