വിദേശത്ത് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ….

വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര കാര്യമൊന്നുമല്ല . ഒരുകാലത്ത് പണക്കാര്‍ക്ക് മാത്രം സാധ്യമായിരുന്ന  ഇത്തരം വിദേശ ടൂറുകള്‍ ഇന്ന് കൂടുതല്‍ ജനകീയ മാകുകയാണ് . വിദേശ യാത്രയിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ വിദേശത്തേക്കുള്ള നമ്മുടെ വിനോദയാത്രകള്‍ ദുരിതയാത്രകളായി മാറും. കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…….

വിസ- ട്രാവല്‍ ഇന്‍ഷൂറന്‍സ്

വിദേശത്തേക്കുള്ള വിനോദയാത്രകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് നാം യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ വിസയുണ്ടായിരിക്കുക എന്നതാണ്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെയും വിസ ഓണ്‍ അറൈവലായും (മുന്‍കൂര്‍ വിസ എടുക്കാതെ) യാത്ര ചെയ്യാന്‍ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലുള്ള വലിയ മെച്ചങ്ങളിലൊന്ന് വിസയ്ക്കായി ചെലവഴിക്കുന്ന പണവും സമയവും ലാഭിക്കാമെന്നതാണ്. അതല്ലാത്ത രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടിയിരിക്കണം. ഏത് രാജ്യത്തേക്കാണ് യാത്ര പോകുന്നത് എന്നതനുസരിച്ച് അവിടത്തെ പ്രത്യേകതകള്‍ മനസ്സിലാക്കി മുന്‍കരുതലുകള്‍ സ്വീകരിക്കുക. ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉറപ്പു വരുത്തണം.

ഭാഷയും കാലാവസ്ഥയും

സന്ദര്‍ശിക്കുന്ന പ്രദേശത്തെ ആ സമയത്തെ കാലാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. കാലാവസ്ഥയ്ക്കനുസരിച്ച് വസ്ത്രങ്ങള്‍, മരുന്നുകള്‍ ഒക്കെ കൈയില്‍ കരുതണം. ഓരോ രാജ്യത്തിൻെറ  കാലാവസ്ഥ, കറന്‍സി, ഭക്ഷണരീതി, പൊതുവായ പെരുമാറ്റരീതി, ഡ്രസ് കോഡ് എന്നിവ മനസ്സിലാക്കണം. ആ രാജ്യത്തിൻെറ ഭാഷയിലെ അത്യാവശ്യം വേണ്ടുന്ന വാക്കുകള്‍ പഠിക്കാനും മറക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തനം,സ്വിച്ചുകളുടെ പ്രവര്‍ത്തനരീതി എന്നിവ വ്യക്തമായി മനസ്സിലാക്കണം. നേരത്തെ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച വ്യക്തികളുമായി ആശയവിനിമയം നടത്താവുന്നതാണ്. അറിയാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കേണ്ടി വരുമ്പോള്‍ അതെന്താണെന്ന് കൃത്യമായി മനസ്സിലാക്കുക. അലര്‍ജി പോലുള്ള അസുഖങ്ങള്‍ ഉള്ളവരാണെങ്കില്‍ ചില  ഭക്ഷണം കഴിക്കുന്നത് അസുഖങ്ങളുണ്ടാക്കും.

രേഖകള്‍ സൂക്ഷിക്കുക

വിസ, പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ വിദേശയാത്രയ്ക്ക് എപ്പോഴും ആവശ്യമായിവരും.അതിനാല്‍ അവയൊന്നും നഷ്ടപ്പെടാന്‍ ഇടയാകരുത്. എല്ലാത്തിൻെറയും ചിത്രം മൊബൈലിലും ക്യാമറയിലും ഫോട്ടോയെടുത്തുവെക്കണം. നഷ്ടപ്പെട്ടാല്‍ തെളിവിനായി ഇവ ഉപകരിക്കും. അതത് സ്ഥലത്തെത്തിയാല്‍ യാത്രാ രേഖകളുടെ കോപ്പി കൈയില്‍ കരുതുക. ഒറിജിനല്‍ ഹോട്ടല്‍ മുറിയിലെ സേഫില്‍ സൂക്ഷിക്കാം. യാത്രാരേഖകളുടെയും നമ്മള്‍ താമസിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന സ്ഥലങ്ങളുടെയും വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടും ബാംഗങ്ങള്‍ക്കും നല്‍കണം. ഓരോയിടത്ത് പോകുമ്പോഴും ഇവരുമായി വാട്സ് ആപ്പില്‍ ബന്ധപ്പെടുന്നതും കൃത്യമായി വിവരങ്ങള്‍ പങ്കുവെക്കുന്നതും നല്ലതാണ്.

അറിയാത്ത കാര്യങ്ങള്‍ ചോദിക്കാന്‍ മടിക്കരുത്

വിദേശത്തെ പല ഹോട്ടലുകളിലെയും മുറികളിലും ടോയ് ലറ്റുകളിലുമെല്ലാം പ്രത്യേകതരം പൂട്ട് ഉപയോഗിക്കാറുണ്ട്. നിശ്ചിതസമയം കഴിഞ്ഞാല്‍ താനേ അടഞ്ഞുപോകുന്നതായിരിക്കും ചിലത്. തുറക്കാന്‍ പുറത്തുനിന്നുള്ള സഹായവും ആവശ്യമായി വന്നേക്കാം. അതിനാല്‍ അവയുടെ പ്രവര്‍ത്തനരീതിയെങ്ങനെയെന്ന് ആദ്യമേ മനസ്സിലാക്കുക. ഹോട്ടല്‍ റൂമുകളിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെയെന്നും അറിഞ്ഞുവെക്കാം. വിദേശത്തായതുകൊണ്ട് അറിയാത്ത കാര്യങ്ങള്‍ ചോദിക്കുന്നത് മോശമാണോയെന്ന് ചിന്ത വേണ്ട. ടാക്സികളിലും മറ്റും കയറുമ്പോള്‍ ഇവയുടെ നമ്പറുകളടക്കമുള്ള വിവരങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുക. ഇടയ്ക്കിടെ എവിടെയെത്തിയെന്ന വിവരങ്ങള്‍ കൈമാറണം. ലൊക്കേഷന്‍ മാപ്പ് അയയ്ക്കുന്നതും നല്ലതാണ്.

ജയിലിലാവരുത്

സന്ദര്‍ശനം നടത്തുന്ന രാജ്യത്തേക്കും തിരിച്ചുമുള്ള യാത്രകളിലും പലര്‍ക്കും കൊടുക്കാനായി പല പൊതികളും തന്നുവിടാറുണ്ട്. ഇതെന്താണെന്ന് ആദ്യമേ ഉറപ്പുവരുത്തണം. പരിചയമില്ലാത്തവരുടെ കൈയില്‍നിന്ന് ഇത്തരം പൊതികള്‍ വാങ്ങി കൈവശം വെക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. വിദേശത്തേക്ക് പലപ്പോഴും മരുന്നുകള്‍ കൊണ്ടു പോകേണ്ടി വരാറുണ്ട്. അങ്ങനെയാണെങ്കില്‍ കുപ്പികളും മരുന്നുപായ്ക്കറ്റുകളും പൊട്ടിക്കാതെ കൊണ്ടുപോകുന്നതാണ് നല്ലത്.
ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമായും കൈയില്‍ കരുതണം.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.