കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ, ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് അധിക തുക
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ, ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് അധിക തുക. ഇത് മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതം വിതക്കുകയാണ്. ദുബൈ, അബൂദബി അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്കുപുറമെ ബംഗളൂരു അടക്കമുള്ള ആഭ്യന്തര സര്‍വിസുകള്‍ക്കും ടിക്കറ്റ് നിരക്ക് കണ്ണൂരില്‍ നിന്നും കൂടുതലാണ്.
ദുബൈയിലേക്ക് ഏകദേശം ഇരട്ടി തുകയാണ് കരിപ്പൂര്‍ വിമാനത്താവളത്തെ അപേക്ഷിച്ച് കണ്ണൂരില്‍ നിന്ന് ഈടാക്കുന്നത്. ഗോ ഫസ്റ്റ് വിമാനത്തില്‍ കണ്ണൂരില്‍നിന്ന് ദുബൈയിലേക്ക് 40,000ത്തിനടുത്ത് രൂപയാണ് ആഗസ്റ്റ് ആദ്യ വാരത്തെ ടിക്കറ്റ് നിരക്കായി കമ്ബനി വെബ്സൈറ്റില്‍ കാണിക്കുന്നത്. എന്നാല്‍, കോഴിക്കോടുനിന്ന് ദുബൈയിലേക്ക് 18,000 രൂപയാണ്.
ദുബൈയിലേക്ക് കോഴിക്കോടിനെ അപേക്ഷിച്ച് കണ്ണൂരില്‍നിന്ന് പറക്കാനെടുക്കുന്ന സമയം 15 മിനിറ്റിലേറെ കുറവാണ്. എന്നിട്ടും ടിക്കറ്റ് നിരക്കില്‍ ഇരട്ടിയോളം തുകയാണ് കണ്ണൂരില്‍നിന്ന് ഈടാക്കുന്നത്. കൂടാതെ അബൂദബിയിലേക്കുള്ള ടിക്കറ്റ് നിരക്കിലും നിരക്ക് വ്യത്യാസമുണ്ട്. കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നും 3000 രൂപയുടെ വ്യത്യാസമാണ് അബൂദബിയിലേക്കുള്ളത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഇതിലും കുറവാണ് ടിക്കറ്റ് നിരക്ക്.
ബംഗളൂരു അടക്കമുള്ള ആഭ്യന്തര സര്‍വിസിനും കണ്ണൂരില്‍നിന്ന് ടിക്കറ്റ് നിരക്ക് കൂടുതലാണ്. കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ നിരക്ക് 4600 മുതലാണെങ്കില്‍ കോഴിക്കോടുനിന്ന് 3500 തൊട്ടാണ്.
എയര്‍ ഇന്ത്യയില്‍ ഡല്‍ഹിയിലേക്ക് കണ്ണൂരില്‍നിന്ന് കോഴിക്കോടിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് ഏതാണ്ട് 1000 രൂപയുടെ വ്യത്യാസമാണ്.
വിമാന ടിക്കറ്റ് നിരക്ക് കുറയാന്‍ കൂടുതല്‍ വിമാന സര്‍വിസുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് നടത്തിയേ പറ്റൂ. കരിപ്പൂര്‍ വിമാനത്താവളത്തെ അപേക്ഷിച്ച് കണ്ണൂരില്‍ സൗകര്യം ഏറെയാണ്. എന്നിട്ടും കണ്ണൂരില്‍നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വിമാന സര്‍വിസ് മറ്റുസ്ഥലത്തെ അപേക്ഷിച്ച് കുറവാണ്.