കാസർഗോഡ് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം

കാസർഗോഡ് : കാസർഗോഡ് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം. മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. മരുതോം-മാലോം ബൈപാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസവുമുണ്ടായി.

ജില്ലയിലെ മലയോര മേഖലയിൽ മഴ ശക്തമാണ്. മലയോര ഹൈവേയിലെ മാലോം ഭാഗത്താണ് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടത്. ബൈപ്പാസിലും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി.

ചുള്ളിയിലെ കോളനിയിൽ നിന്നും പതിനെട്ടോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്. നാളെ ജില്ലയിൽ റെഡ് അലർട്ടാണ് എന്നത് കൂടി പരിഗണിച്ചാണ് നീക്കം.

നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല.

ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ കണിച്ചാർ, കേളകം, പേരാവൂ‍ർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.

ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പോ ഒഴിപ്പിക്കലോ ഇല്ലാത്തതുകൊണ്ടാണ് കണ്ണൂരിലെ മലയോരത്ത് ദുരിതം വർദ്ധിച്ചതെന്നാണ് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് ആരോപിക്കുന്നത്.

കണിച്ചാ‍ർ, കേളകം, പേരാവൂർ പഞ്ചായത്തുകളിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരും കൃഷി നശിച്ചവരുമായി നിരവധി പേരുണ്ട്. സർക്കാർ അടിയന്തരമായി മൂന്ന് പ‌ഞ്ചായത്തുകളിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

കണ്ണൂർ കണിച്ചാർ പഞ്ചായത്തിൽ അപ്രതീക്ഷിത സംഭവമാണ് ഇന്നലെ ഉണ്ടായതെന്നും അതിനാലാണ് മുന്നറിയിപ്പ് നൽകാൻ കഴിയാതിരുന്നതെന്നുമാണ് കണ്ണൂർ ജില്ല കളക്ടർ എസ് ചന്ദ്രശേഖർ  വിശദീകരിച്ചത്.

നേരത്തെ ഇവിടെ കാര്യമായ മഴയുണ്ടായിരുന്നില്ലെന്നും പെട്ടെന്ന് മൂന്ന് മണിക്കൂറോളം മഴ പെയ്തതാണ് ദുരന്തത്തിന് കാരണമായതെന്നും കളക്ടർ വിശദീകരിക്കുന്നു. പ്രദേശത്തെ കോളനികളിലുള്ളവരെയെല്ലാം പിന്നീട് മാറ്റിപ്പാർപ്പിച്ചു.

കനത്ത മഴ ഇല്ലാത്ത സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകാതിരുന്നത്. പ്രാദേശികമായി മഴയുണ്ടോയെന്ന് നിരീക്ഷിച്ചിരുന്നുവെന്നും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് റവന്യു ടീമിനെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.