കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമ കസ്റ്റഡിയിൽ

ബംഗ്ലൂരു : ബംഗ്ലൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയെ കസ്റ്റഡിയിലെടുത്തു. ബെംഗ്ലൂരു സ്വദേശി ശിവപ്രസാദിനെയാണ് ബെംഗ്ലൂരു ഹൈഗ്രൗണ്ട് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ ഫ്ലാറ്റിലായിരുന്നു മരിച്ച എട്ടുവയസുകാരി അഹാനയുടെ കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റ് വൃത്തിയാക്കുന്നതിനായി അമിതമായ അളവിൽ അടിച്ച കീടനാശിനി ശ്വസിച്ച് പെൺകുട്ടി മരിച്ചത്.

വസന്തനഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ഐടി ജീവനക്കാരനായ വിനോദും കുടുംബവും. പെയിന്‍റിങ് ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച വിനോദും ഭാര്യ നിഷയും മകൾ അഹാനയും സ്വദേശമായ കണ്ണൂരിലെ കൂത്തുപറമ്പിലേക്ക് തിരികെ പോയിരുന്നു.

തിങ്കളാഴ്ച പുലർച്ചെ തിരിച്ചെത്തി. അറ്റകുറ്റപണി പൂർത്തിയായ ഫ്ലാറ്റിലെത്തി യാത്രാക്ഷീണത്താൽ ഉറങ്ങിയ ഇവർക്ക് രണ്ട് മണിക്കൂർ കഴിഞ്ഞതോടെ തളർച്ച അനുഭവപ്പെട്ടു. യത്രാക്ഷീണമെന്നാണ് കരുതിയിരുന്നത്. പിന്നാലെ എട്ട് വയസ്സുള്ള അഹാനയ്ക്ക് ശ്വാസതടസം രൂക്ഷമായി.

ഉടനെ സമീപത്തെ ജയിൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷമാണ് വിനോദ് നിഷ ദമ്പതികൾക്ക് മകൾ ജനിച്ചത്. അമ്മ നിഷ ആശുപത്രിയിൽ ചികിത്സയിലാണ്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.