കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം
തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലിൽ ഇഷ്ടികയും കെട്ടിവച്ചിരുന്നു.
മനോരമയുടെ നിലവിളി കേട്ട് അയൽവാസികൾ കതകിൽ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാർ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കൊണ്ടിട്ടു എന്നാണ് പൊലീസ് പറയുന്നത്.
വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ആദം അലി ഒളിവിലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി സ്പർജൻ കുമാർ. ഇയാൾക്കായി വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ആദം അലി നഗരം വിട്ടുപോയോ എന്നതിൽ ഉറപ്പില്ലെന്ന് പൊലീസ് പറയുന്നു. സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ വീട് സന്ദർശിച്ചു.
അതേസമയം മോഷണത്തിനിടെയാാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത്. 60000 രൂപ വീട്ടിൽ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാൽ വിശദ പരിശോധനയിൽ ഈ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഈ പണം സുരക്ഷിതമായി ഉണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അങ്ങനെ എങ്കിൽ കൊലപാതക കാരണം എന്താണെന്ന് കൂടുതൽ വ്യക്തമാകേണ്ട സാഹചര്യമാണ്. പോസ്റ്റുമോർട്ടം അടക്കം കഴിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത് കൊലപാതക ശേഷം പ്രതിയായ ആദം അലി സുഹൃത്തുക്കളെ വിളിച്ചു.
രക്ഷപ്പെടുന്നതിനായി പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരിൽ നിന്നാണ് ആദം സുഹ്യത്തുകളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോൾ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് പബ്ജിയിൽ തോറ്റപ്പോൾ ആദം അലി മൊബാൽ തല്ലി പൊട്ടിച്ചിരുന്നു. കൊലപാതക കേസിലെ പ്രതി ആദം അലി മനോരമ താമസിക്കുന്ന വീടിന് അടുത്ത വീട്ടിൽ ജോലികെത്തിയത് 6 മാസം മുമ്പാണ്. കെട്ടിടം പണിക്കായി ബംഗാളിൽ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 60 വയസുള്ള മനോരമയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്.