കൊളസ്ട്രോൾ കുറയ്ക്കാൻ പതിവായി ചെയ്യേണ്ടത് അറിയാമോ?…
കൊളസ്ട്രോളിനെ ഒരു ജീവിതശൈലീപ്രശ്നമായാണ് നാം കണക്കാക്കുന്നത്. എന്നാൽ ഒരിക്കലും നിസാരമായൊരു പ്രശ്നമേയല്ല ഇത്. ഹൃദയത്തെ അപകടത്തിലാക്കുന്നതിൽ പ്രധാനപ്പെട്ടൊരു പങ്ക് പലപ്പോഴും കൊളസ്ട്രോളിന് ഉണ്ടാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന് ഭീഷണിയാകുന്ന അവസ്ഥയിലേക്ക് വരെ ഇതെത്തിക്കാം. എന്നാൽ മിക്ക സമയത്തും കൊളസ്ട്രോൾ ഉയരുമ്പോൾ അത് സൂചിപ്പിക്കാൻ തക്ക ലക്ഷണങ്ങൾ പ്രകടമാകില്ല എന്നതാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത്.
അപകടകരമായ സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമ്പോഴായിരിക്കും പലപ്പോഴും കൊളസ്ട്രോളാണ് വില്ലനെന്ന് തിരിച്ചറിയപ്പെടുന്നത്. കൊളസ്ട്രോൾ ഒരിക്കൽ കണ്ടെത്തിയാൽ പിന്നെ തുടർന്നങ്ങോട്ട് ജീവിതരീതികളിൽ കാര്യമായ ശ്രദ്ധ പുലർത്തണം. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിൽ. ജീവിതരീതികളിൽ ചിലത് ശ്രദ്ധിക്കാനായാൽ തന്നെ വലിയൊരു പരിധി വരെ കൊളസ്ട്രോൾ നിയന്ത്രിച്ച് ആരോഗ്യകരമായി നമുക്ക് മുന്നോട്ട് പോകാൻ സാധിക്കും. അത്തരത്തിൽ കൊളസ്ട്രോളുള്ളവർ നിത്യവും ചെയ്യേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്… മുകളിൽ സൂചിപ്പിച്ചത് പോലെ തന്നെ ഭക്ഷണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സീസണൽ ഫ്രൂട്ട്സ്, പച്ചക്കറികൾ എന്നിവയെല്ലാം ഡയറ്റിൽ കാര്യമായും ഉൾപ്പെടുത്തുക. സമയത്തിന് ഭക്ഷണം കഴിച്ച് ശീലിക്കുക. അതുപോലെ തന്നെ അളവും കൃത്യമായിരിക്കണം. അമിതമായി കഴിക്കുന്നത് ഒഴിവാക്കാം. പ്രോസസ്ഡ് ഫുഡ്സ്, അനാരോഗ്യകരമാം വിധം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കുക. വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണമാണ് ഏറ്റവും നല്ലത്. ഓട്ട്സ്, ധാന്യങ്ങൾ, ബീൻസ്, വെണ്ടയ്ക്ക, നട്ട്സ്, വെജിറ്റബിൾ ഓയിൽ എന്നിവയെല്ലാം നല്ലതാണ്.
രണ്ട്… രണ്ടാമതായി ശ്രദ്ധിക്കേണ്ടത് വ്യായാമമാണ്. കൊളസ്ട്രോളുള്ളവർ അതിന് അനുയോജ്യമായ വിധം വ്യായാമം പതിവാക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ തീർച്ചയായും സഹായിക്കും. എന്നാൽ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചായിരിക്കണം വ്യായാമം ചെയ്യേണ്ടത്. ഇക്കാര്യം ഡോക്ടറുമായി സംസാരിച്ചിരിക്കണം.
മൂന്ന്… കൊളസ്ട്രോൾ സ്ഥിരീകരിച്ചാൽ പിന്നെ കൃത്യമായ ഇടവേളകളിൽ ഇത് പരിശോധിക്കണം. അല്ലാത്തപക്ഷം കൊളസ്ട്രോൾ നിയന്ത്രണം അവതാളത്തിലാകും. ഇക്കാര്യം പ്രത്യേകം ഓർമ്മിക്കുക.
നാല്… ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കുന്നതിലൂടെയും കൊളസ്ട്രോൾ നിയന്ത്രിച്ചുകൊണ്ടുപോകാൻ സാധിക്കും. ഇതിന് വ്യായാമവും ആവശ്യമാണ്. അമിതവണ്ണം കൊളസ്ട്രോൾ വീണ്ടും വർധിക്കുന്നതിന് ഇടയാക്കും. കൊളസ്ട്രോൾ മൂലമുള്ള അനുബന്ധപ്രശ്നങ്ങൾക്കും അമിതവണ്ണം അനുകൂലസാഹചര്യമൊരുക്കും.
അഞ്ച്… കൊളസ്ട്രോൾ സ്ഥിരീകരിച്ചുകഴിഞ്ഞാൽ പിന്നെ മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങളുള്ളവർ അതുപേക്ഷിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഡയറ്റിലോ വ്യായാമത്തിലോ എല്ലാം ശ്രദ്ധ നൽകിയിട്ടും അതിനൊന്നും ഫലം കാണാതെ പോകാം.