ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു:മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം : ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കുന്നോത്തുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. നവജാത ശിശുക്കളുടെ മരണം കുറയ്ക്കാനും നമുക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ജീവിതശൈലി രോഗനിര്‍ണയം ശക്തിപ്പെടുത്തണം. 30 വയസ് കഴിഞ്ഞവരെ ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് ഇത്തരത്തില്‍ പരിശോധനക്ക് വിധേയരാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ മികച്ച ആഹാര രീതി, വ്യായാമം, വിശ്രമം എന്നിവ അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനത്തിന് ശേഷം മന്ത്രി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം മാവിന്‍ തൈ നട്ടു. മുന്‍ ആരോഗ്യ മന്തി കെ കെ ശൈലജ ടീച്ചറുടെ പ്രത്യേക നിര്‍ദേശാനുസരണം എന്‍ എച്ച് എം ആര്‍ ഒ പിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി പതിനേഴ് ലക്ഷവും എന്‍ എച്ച് ആര്‍ദ്രത്തില്‍ ഉള്‍പ്പെടുത്തി പതിനഞ്ച് ലക്ഷം രൂപയും വകയിരുത്തിയാണ് ഒരേക്കര്‍ സ്ഥലത്ത് കെട്ടിടം നിര്‍മിച്ചത്.

വാപ്‌കോസിനായിരുന്നു നിര്‍മ്മാണ ചുമതല. ചടങ്ങില്‍ കെ പി മോഹനന്‍ എം എല്‍ എ അധ്യക്ഷ വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.കെ നാരായണ നായ്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ മുഖ്യാതിഥിയായി
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.