തൃശ്ശൂരിലെ മത്സരയോട്ടം: ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍ തൃശ്ശൂരിലെ മത്സരയോട്ടം: ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: മത്സര ഓട്ടം നടത്തി അപകടം സൃഷ്ടിച്ച ഥാര്‍ ഡ്രവറെ അറസ്റ്റ് ചെയ്തു. ഥാര്‍ ഓടിച്ച അയന്തോള്‍ സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഷെറിന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

ഥാറിൽ ഷെറിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. മറ്റൊരു ബിഎം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാർ, ടാക്സി കാറിലിടിച്ചത്.

ഥാര്‍ ഇടിച്ച് ടാക്സി യാത്രക്കാരന്‍ പാടൂക്കാട് സ്വദേശി രവിശങ്കർ മരിച്ചിരുന്നു. രവിശങ്കറിന്‍റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്ട്രേഷനിലുള്ളതാണ് ഥാർ. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു. എതിരെ വന്ന വാഹനത്തെ കാണാൻ പോലും പറ്റിയിരുന്നില്ലെന്നും അത്രക്കും വേഗതയിൽ ആയിരുന്നു എതിരെ വാഹനം വന്നതെന്നുമാണ് മായ പറഞ്ഞത്.ഇടിച്ച വാഹനത്തിന്‍റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്സി ഡ്രൈവര്‍ രാജനും പറഞ്ഞു. ഒരു കാര്‍ മുന്നില്‍ വേഗതയില്‍ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. ഒതുക്കി നിര്‍ത്തിയ ടാക്സി കാറിലേക്കാണ് ഥാര്‍ ഇടിച്ചുകയറിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് തങ്ങളെ പുറത്തെടുത്തതെന്നും രാജന്‍ പറഞ്ഞു. മദ്യപസംഘത്തിന്‍റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.