തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു
തൊടുപുഴ : തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു.
കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. ഇവരിൽ തങ്കമ്മ കൊച്ചുമകൻ ദേവാനന്ദ്, ഷിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി.
തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. കാണാതായ രണ്ട് പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്നലെ രാത്രിയോടെ പ്രദേശത്ത് ശക്തമായ മഴയാണുണ്ടായത്. ഈ മഴയ്ക്ക് ഒടുവിലാണ് ഉരുൾപൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു.
റവന്യു വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘും സ്ഥലത്തുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്. തെരച്ചിലിന്നായി എൻഡിആർഎഫ് സംഘവുമെത്തും. തൃശൂരിൽ നിന്നുള്ള സംഘം ഇതിനോടകം തൊടുപുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നിലവിൽ മഴ മാറി നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ സുഗമമാണ്.