പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. പിറന്നാൾ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു. എന്നാണ് പിണറായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ജന്മദിനത്തില്‍ നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ നരേന്ദ്രമോദി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടു. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി ജന്മദിനത്തില്‍ പങ്കെടുക്കും. അതേ സമയം പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കുകയാണ് ബിജെപി. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്.
രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉല്‍ഘാടനം ചെയ്തു. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. അതേസമയം, പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങിയിട്ടുണ്ട്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത വ്യക്തികളും അഭ്യുദയകാംക്ഷികളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച അസംഖ്യം ഉപഹാരങ്ങളും മെമന്‍റോകളും അദ്ദേഹത്തിന്‍റെ ഓഫീസിലുണ്ട്. അതിമനോഹരമായ പെയിന്റിംഗുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ഉപഹാരങ്ങളുമാണ് ലേലത്തിനുള്ളത്.
ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ അവ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അയോധ്യയിലെ രാമ ക്ഷേത്രത്തിന്‍റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റെ മോഡലുകളാണ് ഇത് ഏറ്റവും ശ്രദ്ധേയമായത്. കെ ശ്രീകാന്ത് ഒപ്പിട്ട ബാഡ്മിന്‍റണ്‍ റാക്കറ്റ് അടക്കം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കൂടാതെ, ഗുസ്തി, ഹോക്കി താരങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന സ്പോര്‍ട്സ് ജഴ്സികളുമുണ്ട്.