പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവെന്ന് കണക്കുകള്‍
റിയാദ്: പ്രവാസികൾ സൗദി അറേബ്യയിൽനിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിൽ കുറവ്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്.
ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 കോടി റിയാലാണ്. കഴിഞ്ഞവർഷം ഇതേ കാലയളവില്‍ പ്രവാസികള്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ കണക്കുകളില്‍ രണ്ട് ശതമാനം കുറവുണ്ടെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) വെളിപ്പെടുത്തുന്നു.
എന്നാൽ ഈ വർഷത്തെ പ്രതിമാസ കണക്ക് പരിശോധിച്ചാൽ ജൂണിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന നിരക്കാണ്. ഈ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ് ജൂണിൽ രാജ്യത്തിന് പുറത്തേക്ക് പോയ പണത്തിന്റെ തോത്.
ഈ ഒറ്റ മാസത്തിനിടെ 193 കോടി റിയാലാണ് വിദേശികൾ അയച്ചത്. അതേസമയം സൗദി പൗരന്മാരുടെ വിദേശ വിനിമയം അഞ്ച് ശതമാനം വർധിച്ചിട്ടുണ്ട്. ജൂൺ വരെ 675 കോടി റിയാൽ അവർ വിവിധ കാരണങ്ങളാൽ വിദേശത്തേക്ക് അയച്ചു.