പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധികരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധികരിച്ചു. ഇന്ന് മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം തേടാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അലോട്ട്മെൻറ് ലഭിച്ചവർക്ക് രാവിലെ 11മുതൽ പ്രവേശനം നേടാവുന്നതാണ്. അതേസമയം പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റിന്‍റെ കാര്യത്തിൽ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് കാക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം.

പത്ത് ശതമാനം സീറ്റ് മാറ്റിവെച്ചാണ് അലോട്ട് മെൻറ് തുടങ്ങുക. ഈ മാസം 25 മുതലാണ് ക്ലാസുകൾ തുടങ്ങുന്നത്. ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.

രണ്ടാം ഘട്ട അലോട്ട്മെന്റ് 15 നാകും പ്രസിദ്ധീകരിക്കുക. 16, 17 തീയതികളില്‍ തുടർന്ന് പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുന്ന നിലയിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞിട്ടുണ്ട്. സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സർക്കാർ അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.

2022 – 23 അധ്യയന വർഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകുമെന്നും ഹയർ സെക്കൻഡറി സ്കൂളുകൾ ഇനി പ്രിൻസിപ്പാളിന്റെ കീഴിലാവുമെന്നും ഹെഡ്മാസ്റ്റർമാർ വൈസ് പ്രിൻസിപ്പാൾമാരാകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സ്കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. ശാസ്ത്രോൽസവം നവംബറിൽ എറണാകുളത്താകും നടക്കുക. കായിക മേള നവംബറിൽ തിരുവനന്തപുരത്താകും സംഘടിപ്പിക്കുക.

സംസ്ഥാനത്ത് 21 സ്കൂളുകൾ മിക്സഡാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജെന്‍റര്‍ ന്യൂട്രാലിറ്റി എന്ന ആശയം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പാഠപുസ്തകങ്ങളുടെ ജെന്‍റര്‍ ഓഡിറ്റിങ്ങ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകമായ നിര്‍ബന്ധബുദ്ധി ഇല്ലെന്നും ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും പൊതുവെ സ്വീകാര്യമായതും കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം ധരിക്കാവുന്നതുമായ യൂണിഫോം എന്നത് പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണെന്നും ശിവൻകുട്ടി വിശദീകരിച്ചു.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.