വടകര കസ്റ്റഡി മരണം: സജീവന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം ഹൃദയാഘാതം

കോഴിക്കോട് : കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്.

സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം സർജ്ജന്‍റെ മൊഴിയെടുക്കും. വടകര പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം  കസ്റ്റഡിയിലെടുക്കും.

സജീവനെതിരെ കേസെടുത്തത് മരിച്ചതിന് മുൻപാണോ ശേഷമാണോ എന്നറിയുകയാണ് ലക്ഷ്യം. സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്  ഹാജരാകാൻ വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. സസ്പെൻഷനിലായ എസ്.ഐ എം.നിജേഷ്,എഎസ്ഐ അരുണ്‍കുമാര്‍, സിപിഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചങ്കിലും മൂന്ന് പേരും അന്വേഷണസംഘത്തിന്ന് മുൻപിൽ ഹാജരായിരുന്നില്ല. തുടർന്നാണ് വീണ്ടും നിർദേശം നൽകിയത്. ഇന്ന് ഉദ്യോഗസ്ഥർ ഹാജരായില്ലെങ്കിൽ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിയാനാണ് നീക്കം. രാവിലെ വടകര സ്റ്റേഷനിൽ ഹാജരാകാനാണ് നിലവിൽ നിർദേശം നൽകിയത്.

ഇന്നലെ സസ്പെൻഷനിലായ സിപിഒ പ്രജീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വടകര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.