വടകര പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലം മാറ്റി

വടകര : കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണ സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലം മാറ്റി. 66 പൊലീസുകാരെയും സ്ഥലം മാറ്റി കൊണ്ട് ഉത്തരവിറക്കി.

പൊലീസ് സ്റ്റേഷൻ വളപ്പിൽ ഒരാൾ കുഴഞ്ഞു വീണിട്ടും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്ന ഗുരുതര വീഴ്ച്ച ചൂണ്ടി കാണിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിക്ക് ശുപാർശ ചെയ്തത്.

നേരത്തെ എസ് ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻ്റ് ചെയ്തിരുന്നു. ജനങ്ങളോട് പൊലീസ് പെരുമാറ്റത്തിൽ വരുത്തേണ്ട മാറ്റത്തിന് മാതൃകയാക്കാനാണ് ഈ നടപടി.

അസാധാരണ നടപടിയാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചത്. കസ്റ്റഡി മരണമാണെന്ന ആരോപണം ഉയർന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. നടപടി മാതൃക പരമാണെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.

അതേസമയം, വടകര പോലീസ് കസ്റ്റഡിയിലെടുത്ത കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവൻ സ്റ്റേഷനിൽനിന്ന് ഇറങ്ങിയ ഉടൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിമുഖേന പരിശോധനയ്ക്കായി നൽകി.

സജീവനെ പോലീസുകാർ സ്റ്റേഷനിൽവെച്ച് മർദിച്ചതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൊഴിനൽകിയിരുന്നു. നെഞ്ചുവേദന അനുഭവപ്പെടുന്നതായി പോലീസുകാരോട് പറഞ്ഞെങ്കിലും പോലീസ് ഗൗനിച്ചില്ലെന്നും പരാതിയുണ്ടായി.

പിന്നീട് സജീവൻ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിലെത്തിക്കാൻ പോലീസ് വാഹനം വിട്ടുനൽകിയില്ലെന്നും 15 മിനിറ്റോളം സ്റ്റേഷൻവളപ്പിൽ കിടന്നുവെന്നുമാണ് മറ്റൊരു ആരോപണം.

ഈ മൂന്നു പരാതികളിലും സി.സി.ടി.വി. ദൃശ്യങ്ങൾ നിർണായകമാണ്. സി.സി.ടി.വി. ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക് വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് നൽകിയത്. തുടർന്ന് പരിശോധനയ്ക്കായി കണ്ണൂരിലെ ഫൊറൻസിക് ലാബിലേക്കയച്ചു.

കേസ് അന്വേഷിക്കുന്ന സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സംഘം കേസുമായി ബന്ധപ്പെട്ടവരിൽനിന്ന് മൊഴിയെടുക്കുന്നത് തിങ്കളാഴ്ചയും തുടർന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരിൽനിന്നാണ് തിങ്കളാഴ്ച ഡിവൈ.എസ്.പി. ടി. സജീവന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.

എന്നാൽ സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഇത് കിട്ടിയാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരൂ.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.