വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം…
ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ പുറന്തള്ളുകയെന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. ശരീരത്തിലെ ജലാംശവും, രക്തത്തിലെ ഉപ്പ്- ധാതുക്കള്‍ എന്നിവയുടെ അളവും ‘ബാലൻസ്’ ചെയ്ത് നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നപക്ഷം അത് ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ബാധിക്കും.
അതിനാല്‍ തന്നെ വൃക്കയുടെ ആരോഗ്യം ശ്രദ്ധയോടെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ നമ്മുടെ ചില ശീലങ്ങള്‍ വൃക്കയെ ക്രമേണ അപകടത്തിലാക്കാം. അത്തരത്തിലുള്ള പത്ത് ദോഷകരമായ ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്… വേദനസംഹാരികളുടെ അധിക ഉപയോഗം ക്രമേണ വൃക്കയെ മോശമായി ബാധിക്കാം. ശരീരവേദന, തലവേദന, വാതം തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം കഴിക്കുന്ന വേദനസംഹാരികള്‍ ഇത്തരത്തില്‍ ഭാവിയില്‍ വിഷമത സൃഷ്ടിക്കാം. അതിനാല്‍ ഇവ കഴിക്കും മുമ്പ് ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുക.
രണ്ട്… ഉപ്പിന്‍റെ ഉപയോഗം കൂടുന്നതും വൃക്കയെ ദോഷകരമായി ബാധിക്കാം. ഡോസിയം ( ഉപ്പ് ) അളവ് കൂടുന്നത് ബിപി കൂടുന്നതിനും ഇടയാക്കാം. പ്രിസര്‍വേറ്റീവ്സ് ചേര്ത്ത ഭക്ഷണം, എല്ലാ തരം പ്രോസസ്ഡ് ഫുഡ്സ് എന്നിവയെല്ലാം പരിമിതപ്പെടുത്തിയാല്‍ ഈ പ്രശ്നം വലിയൊരളവ് വരെ പരിഹരിക്കാം.
മൂന്ന്… മുകളില്‍ സൂചിപ്പിച്ചത് പോലെ തന്നെ പ്രോസസ്ഡ് ഫുഡ് വളരെയധികം കുറയ്ക്കുന്നതാണ് ആകെ ആരോഗ്യത്തിനും വൃക്കയുടെ ആരോഗ്യത്തിനും നല്ലത്. ഇതില്‍ സോഡിയം മാത്രമല്ല ഫോസ്ഫറസും അളവില്‍ അധികമായിരിക്കും. ഇവയെല്ലാം തന്നെ വൃക്കയെ മോശമായി ബാധിക്കാം.
നാല്… മധുരം അധികം കഴിക്കുന്ന ശീലമുണ്ടോ? ഇതും ക്രമേണ വൃക്കയെ പ്രതിസന്ധിയിലാക്കാം. എന്ന് മാത്രമല്ല, പ്രമേഹം- ബിപി പോലുള്ള പ്രശ്നങ്ങള്‍ക്കും സാധ്യത കൂടുന്നു. ചായയിലോ കാപ്പിയിലോ ഇടുന്ന മധുരം മാത്രമല്ല- പലഹാരങ്ങള്‍, കേക്ക്, പേസ്ട്രി, മറ്റ് ബേക്കറികള്‍, ബ്രഡ് എന്നിവയെല്ലാം മധുരത്തിന്‍റെ അളവ് കൂട്ടാം.
അഞ്ച്… ചിലര്‍ക്ക് പതിവായി ഉറക്കപ്രശ്നങ്ങളുണ്ടാകാം. അത്തരക്കാരിലും പിന്നീട് വൃക്ക ബാധിക്കപ്പെടാം. അതിനാല്‍ രാത്രിയില്‍ കൃത്യമായ ഉറക്കം ഉറപ്പിക്കണം.
ആറ്… ശരീരത്തില്‍ ജലാംശം കുറയുന്നതും വൃക്കയ്ക്ക് അത്ര നല്ലതല്ല. പതിവായി ഇത്തരത്തില്‍ ആവശ്യത്തിന് ജലാംശം നില്‍ക്കുന്നില്ലെങ്കില്‍ അത് വൃക്കയ്ക്ക് സമ്മര്‍ദ്ദമായിരിക്കും. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാൻ ഓര്‍മ്മിക്കുക.
ഏഴ്… വ്യായാമം പതിവാക്കുന്നത് ആകെ ആരോഗ്യത്തിനും ഓരോ അവയവങ്ങള്‍ക്കും നല്ലതാണ്. വ്യായാമമില്ലാത്ത ജീവിതരീതി പല തരത്തിലും നമ്മെ ബാധിക്കാം. വൃക്കയും ഇക്കൂട്ടത്തില്‍ ബാധിക്കപ്പെടാം.
എട്ട്… ചിലര്‍ക്ക് എപ്പോഴും നോണ്‍- വെജ് ഭക്ഷണം തന്നെ വേണം കഴിക്കാൻ. ഇതില്‍ തന്നെ ഇറച്ചിയായിരിക്കും പ്രധാനം. ഇങ്ങനെ എപ്പോഴും ഇറച്ചി കഴിക്കുന്നത് വൃക്കയ്ക്ക് അത്ര നല്ലതല്ല. ഇറച്ചിയില്‍ നിന്നുള്ള പ്രോട്ടീൻ രക്തത്തിലെ ആസിഡ് നില ഉയര്‍ത്തുന്നു. ഇതാണ് വൃക്കയെ ദോഷകരമായി ബാധിക്കുന്നത്.
ഒമ്പത്… പുകവലിയും വൃക്കയെ മോശമായി ബാധിക്കുന്നൊരു ശീലമാണ്. പ്രധാനമായും വൃക്കയിലെ രക്തയോട്ടം ബാധിക്കപ്പെടുന്നത് മൂലമാണ് ഇത് പ്രശ്നമായി വരുന്നത്. പുകവലി നിര്‍ത്തുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
പത്ത്… പുകവലിക്കൊപ്പം തന്നെ നമ്മളെപ്പോഴും എടുത്തുപറയാറുള്ളൊരു ദുശ്ശീലമാണ് മദ്യപാനവും. വല്ലപ്പോഴും ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് കൊണ്ട് അത്രമാത്രം പ്രശ്നമില്ല. എന്നാല്‍ പതിവായി മദ്യപിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തെ മോശമായി ബാധിക്കാം. കൂട്ടത്തില്‍ വൃക്കയും ബാധിക്കപ്പെടാം.