സന്ദർശക വിസക്കാർക്ക് ഗൾഫിലേക്ക്​ മെഡിക്കൽ പരിശോധന ആവശ്യമില്ല

ദുബൈ: സന്ദർശക വിസയിൽ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ പോകുന്നവർക്ക്​​​ മെഡിക്കൽ പരിശോധന വേണമെന്നറിയിച്ച്​ കേരളത്തിൽ തട്ടിപ്പ്​. ജോലി തേടിയെത്തുന്നവരിൽ നിന്നാണ്​ പ്രധാനമായും പണം തട്ടുന്നത്​. ഗൾഫ്​ രാജ്യങ്ങളിലേക്ക്​ സന്ദർശക വിസയിൽ പോകുന്നവർക്ക്​ കേരളത്തിൽ​ മെഡിക്കൽ പരിശോധന ആവശ്യമില്ലെന്നിരിക്കെയാണ്​ ഈ പേരിൽ തട്ടിപ്പ്​ നടത്തുന്നത്​. ചില ലാബുകാരുമായി ചേർന്ന്​ വ്യാജ ഏജന്‍റുമാരാണ്​ തട്ടിപ്പിന്​ പിന്നിൽ.

അടുത്തിടെ ജോലി തട്ടിപ്പിനിരയായി യു.എ.ഇയിൽ എത്തിയ പലരിൽ നിന്നും ഇത്തരത്തിൽ തുക തട്ടുകയും പരിശോധനക്ക്​ വിധേയമാക്കുകയും ചെയ്തിരുന്നു. ചില വിദേശ രാജ്യങ്ങളിലേക്ക്​ പോകുമ്പോൾ നാട്ടിൽ നിന്ന്​ മെഡിക്കൽ പരിശോധന പൂർത്തിയാക്കണമെന്നുണ്ട്​. എന്നാൽ, ആറ്​ ഗൾഫ്​ രാജ്യങ്ങളിലേക്കും സന്ദർശക വിസക്കാർക്ക്​ മെഡിക്കൽ ടെസ്റ്റ് ആവശ്യമില്ല. ​പുതിയ വിസയിലേക്ക്​ മാറുമ്പോൾ ഗൾഫിൽ നിന്ന്​ തന്നെയാണ്​ മെഡിക്കൽ എടുക്കേണ്ടത്​.

മെഡിക്കൽ പരിശോധനക്ക്​ എന്ന പേരിൽ 1000 മുതൽ 3000 രൂപ വരെ ഈടാക്കുന്നുണ്ട്​. ഇതിന്​ ശേഷം ഇവരെ ഏതെങ്കിലും ലാബിലേക്ക്​ അയച്ച്​ പരിശോധന നടത്തുകയാണ്​ ചെയ്യുന്നത്​. ലാബുകാരുമായി ഒത്തുകളിച്ചാണ്​ ഇത്തരം തട്ടിപ്പ്​. ഇതോടെ, നാട്ടിലും വിദേശത്തും മെഡിക്കൽ പരിശോധനക്ക്​ വിധേയരാകേണ്ടി വരുകയും ധനനഷ്ടമുണ്ടാകുകയും ചെയ്യുന്നു.

സന്ദർശക വിസക്കാർക്ക്​ പുറമെ റസിഡന്‍റ്​ വിസയിൽ യു.എ.ഇ അടക്കമുള്ള ചില രാജ്യങ്ങളിലേക്ക്​ പോകുന്നവർക്കും മെഡിക്കൽ പരിശോധന ആവശ്യമില്ല. പുതിയ വിസ നടപടികളുടെ സമയത്ത്​ യു.എ.ഇയിലെ ലാബുകളിലാണ്​ പരിശോധന നടത്തേണ്ടത്​

എന്നാൽ, സൗദിയിലേക്ക്​ തൊഴിൽ വിസയിൽ പോകുന്നവർക്ക്​ ​കേരളത്തിൽ നിന്ന്​ മെഡിക്കൽ ആവശ്യമാണ്​. പുതിയ യാത്രക്കാരുടെ പരിചയക്കുറവ്​ മുതലെടുത്താണ്​ തട്ടിപ്പ്​ അരങ്ങേറുന്നത്​. കടം വാങ്ങിയും പണയം വെച്ചുമാണ്​ പലരും ഗൾഫിലേക്ക്​ ആദ്യ യാത്രക്കിറങ്ങുന്നത്​. ഇത്തരക്കാരെയാണ്​ വ്യാജ ഏജന്‍റുമാർ തട്ടിപ്പിന്​ വിധേയരാക്കുന്നത്​.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.