വിഷ്ണുവിന്റെ കൊലപാതകം: സദാചാര അക്രമമെന്ന് സൂചന, ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കുറ്റ്യാടിയ്ക്കടുത്ത് കൈവേലിയിൽ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിന്റെ പിന്നിൽ സദാചാര വിഷയമെന്ന് പൊലീസ്.കൊല്ലപ്പെട്ട വിഷ്ണുവിനെ തലക്കടിച്ചു പരിക്കേൽപ്പിച്ച കൈവേലി ചമ്പിലോറ നീളംപറമ്പത്ത് അഖിൽ(23)നെതിരെ കൊലപാതക കുറ്റം ചുമത്തി. അഖിലിനെ കുറ്റ്യാടി സി ഐ ഇ പി ഷാജു ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കല്ലാച്ചിയിൽ വെച്ചാണ് അഖിൽ പൊലീസ് പിടിയിലായത്. തന്റെ വീട്ടുപരിസരത്ത് എത്തിയ വിഷ്ണുവിനെ അഖിൽ മാരകമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.സദാചാര പ്രശ്നമായിരുന്നെന്ന് നാട്ടുകാരും പറയുന്നു. വിഷയത്തിൽ പൊലീസ് സമഗ്രമായി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഗുരുതരമായി പരിക്കേറ്റ വളയം ചുഴലി സ്വദേശി പാറയുള്ളപറമ്പത്ത് വിഷ്ണു (28) നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അർദ്ധരാത്രി അബോധാവസ്ഥയിൽ കൈവേലി ചീക്കോന്ന് യുപി സ്കൂൾ പരിസരത്തെ റോഡരികിൽ കിടന്ന വിഷ്ണുവിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി പൊലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവസ്ഥലത്ത് നിന്ന് വിഷ്ണുവിന്റെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയാണ് വിഷ്ണു മരിച്ചത്.

തലക്കേറ്റ മാരകമായ മർദ്ദനമാണ് മരണകാരണം. രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് രാവിലെ കുറ്റ്യാടി പൊലീസ് മെഡിക്കൽ കോളേജിലെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. ഉച്ചയോടെ വളയത്തെത്തിക്കുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

വളയം പെട്രോൾ പമ്പ് ജീവനക്കാരനായിരിക്കെ അടുത്തിടെ മരിച്ച കൃഷ്ണന്റെയും സുമതിയുടെയും മകനാണ് വിഷ്ണു. ഷിൻസിയാണ് സഹോദരി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തൊഴിലാളിയായിരുന്നു വിഷ്ണു. വടകര പുറങ്കര സ്വദേശിനി ശ്രേയയെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. എട്ടുമാസം ഗർഭിണിയായ ശ്രേയ വടകരയിലെ വീട്ടിലാണുള്ളത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.