ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരം വരുന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരം വരുന്നു. ഒമാന്‍, സൗദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നാണ് കുറഞ്ഞ നിരക്കിലുള്ള സര്‍വീസുകളും കൂടുതല്‍ സര്‍വീസുകളും പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഒമാനില്‍ നിന്നുള്ള രണ്ട് വിമാന കമ്പനികളാണ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ചത്. ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് ആശ്വാസമാകുക. ഒക്ടോബര്‍ മുതല്‍ രണ്ട് കമ്പനികളും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഒമാന്‍ എയര്‍ മസ്‌കറ്റ്-തിരുവനന്തപുരം റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു . നിലവില്‍ ഒമാന്‍ എയര്‍ കണക്ഷന്‍ സര്‍വീസ് ആണ് മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്നത്.  ഇനി നേരിട്ടുള്ള വിമാന സര്‍വീസ് നടത്താന്‍ പോകുന്നു.

മസ്‌കറ്റ്- കോഴിക്കോട് റൂട്ടില്‍ ഒമാന്‍ എയറിന് രണ്ട് പ്രതിദിന സര്‍വീസുകള്‍ നിലവിലുണ്ട്. സലാം എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട്-മസ്‌കറ്റ് റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിൻെറ ബുക്കിംഗ്  തുടങ്ങി.

കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് ടിക്കറ്റ് നിരക്ക് കുറയാന്‍ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സലാം എയര്‍ യു.എ.ഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് കുറഞ്ഞ ചെലവില്‍ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫുജൈറ-കരിപ്പൂര്‍ യാത്ര ഒക്ടോബര്‍ രണ്ട് മുതലാണ് സലാം എയര്‍ ആരംഭിക്കുക. ഫുജൈറയില്‍ നിന്ന് മസ്‌കറ്റ് വഴിയായിരിക്കും സര്‍വീസ്. 361 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാകും സലാം എയറിൻെറ സര്‍വീസ്. ഫുജൈറയില്‍ നിന്ന് വൈകീട്ട് 7.50ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.20നാണ് കോഴിക്കോട്ടെത്തുക. മറ്റൊരു വിമാനം ഫുജൈറയില്‍ നിന്ന് രാവിലെ 10.20നാണ് പുറപ്പെടുക. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചുള്ള സലാം എയര്‍ വിമാനം പുലര്‍ച്ചെ 4.20ന് പുറപ്പെട്ട് ഫുജൈറയില്‍ രാവിലെ 9.50ന് എത്തും. ഇതിൻെറ ടിക്കറ്റ് നിരക്ക് 554 ദിര്‍ഹമാണ്. കോഴിക്കോട് നിന്നുള്ള രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 4.20ന് പുറപ്പെട്ട് ഫുജൈറയില്‍ വൈകീട്ട് 7.20ന് എത്തും.

അതേസമയം, കുവൈത്തിലെ വിമാന കമ്പനിയായ ജസീറ എയര്‍വേയ്‌സ് സൗദി-ഇന്ത്യ റൂട്ടില്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് പ്രഖ്യാപിച്ചു. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് സര്‍വീസ്. മൂന്ന് ദിവസത്തിനകം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാത്രമാകും കുറഞ്ഞ നിരക്ക് ലഭ്യമാകുക. ജിദ്ദ, റിയാദ്, ഹാഇല്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് 349 റിയാലും അല്‍ ഖസീം, ദമ്മാം, മദീന എന്നിവിടങ്ങളില്‍ നിന്ന് 299 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കും ജസീറ എയര്‍വേയ്‌സ് സൗദിയില്‍ നിന്ന് സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 169 റിയാലാണ്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഈ നിരക്ക്. ജിദ്ദ-മുംബൈ 199 റിയാല്‍, ബെംഗളൂരു 299 റിയാല്‍, ഹൈദരാബാദ് 249 റിയാല്‍ എന്നിങ്ങനെയാണ് നിരക്കുകള്‍.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.