മോദിയുടെ യു .എ .ഇ സന്ദർശനം: ചരക്കുപാത, ഭാരത് മാർട്ട് കരാറുകൾക്കും തുടക്കമായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം പല കാര്യങ്ങള്‍ കൊണ്ട് വ്യത്യസ്തമായിരുന്നു . പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അബുദാബിയില്‍ ഉദ്ഘാടനം ചെയ്തത് മാത്രമല്ല, ഈ സന്ദര്‍ശനത്തിൻെറ പ്രത്യേകത. ഇന്ത്യയും യു.എ.ഇയും ഭാഗമാകുന്ന, ഇന്ത്യയില്‍ നിന്ന് തുടങ്ങി യൂറോപ്പില്‍ അവസാനിക്കുന്ന ചരക്കുപാതയുമായി ബന്ധപ്പെട്ട കരാറും ഒപ്പുവച്ചു .യു.എ.ഇയിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയ മോദി ലോക ഗവണ്‍മെൻറ് ഉച്ചകോടിയില്‍ സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഭാരത് മാര്‍ട്ട് എന്ന സംരംഭത്തിന് മോദി തുടക്കമിട്ടിരിക്കുന്നത്. ചൈന യു.എ.ഇയില്‍ നടപ്പാക്കിയ ഡ്രാഗണ്‍ മാര്‍ട്ട് പദ്ധതിക്ക് വലിയ വെല്ലുവിളിയാകും ഇന്ത്യയുടെ ഭാരത് മാര്‍ട്ട്. 10000 കോടി വ്യാപാര ഇടപാടിലേക്ക് കുതിക്കുന്ന ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ നാഴികകല്ലാകും ഈ പദ്ധതി.
എന്താണ് ഭാരത് മാര്‍ട്ട്?
ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ദുബായില്‍ വ്യാപാരം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ദുബായില്‍ സംരംഭകര്‍ക്ക് ആവശ്യമായ സംഭരണ കേന്ദ്രമാണ് ഭാരത് മാര്‍ട്ട്. വിപുലമായ സൗകര്യങ്ങളാണ് ഈ സംഭരണ കേന്ദ്രത്തില്‍ ഒരുക്കുക. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ വസ്തുക്കളും ഈ കേന്ദ്രത്തില്‍ ലഭ്യമാകും. ഇതാകട്ടെ, വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാകും.ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതിയാണ് ഭാരത് മാര്‍ട്ട്. ചൈനയ്ക്ക് സമാനമായ രീതിയില്‍ ഡ്രാഗണ്‍ മാര്‍ട്ട് നിലവിലുണ്ട്. ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്കായി വരുന്ന ഭാരത് മാര്‍ട്ട് ചൈനയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് തീര്‍ച്ച. അതേസമയം, അടുത്ത വര്‍ഷമാകും ഭാരത് മാര്‍ട്ട് സമ്പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുക എന്നാണ് വിവരം. ഒരു ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ വിശാലമായ സംഭരണ കേന്ദ്രമാണ് ഭാരത് മാര്‍ട്ട്. സംഭരണം, ചില്ലറ വില്‍പ്പന, വിവിധ കമ്പനികളുടെ ഓഫീസുകള്‍ തുടങ്ങി എല്ലാം ഇവിടെയുണ്ടാകും. ജബല്‍ അലി ഫ്രീ സോണിലാണ് ഭാരത് മാര്‍ട്ട് പ്രവര്‍ത്തിക്കുക. ആഗോള വിപണിയിലേക്ക് ചരക്കുകള്‍ ലഭ്യമാകുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും ഇവിടെ ഒരുക്കും.