യു.എ.ഇയുടെ പുതിയ ബ്ലൂ വിസ; അറിയേണ്ടതെല്ലാം

പരിസ്ഥിതി മേഖലയില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി ‘ബ്ലൂ റെസിഡന്‍സി’ എന്ന പുതിയ ദീര്‍ഘകാല റെസിഡന്‍സി വിസയ്ക്ക് യു .എ. ഇ കാബിനറ്റ് അംഗീകാരം നല്‍കി.. കാലാവസ്ഥാ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കുന്നതിനുമുള്ള യു.എ.ഇയുടെ ലക്ഷ്യത്തെയാണ് പുതിയ വിസ അടയാളപ്പെടുത്തുന്നത്.  യു എ ഇയില്‍ മറ്റ് രണ്ട് തരം ദീര്‍ഘകാല വിസകളുണ്ട്, ഗ്രീന്‍ വിസയും ഗോള്‍ഡന്‍ വിസയും. ഗ്രീന്‍ വിസ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും സംരംഭകര്‍ക്കും വേണ്ടിയുള്ള അഞ്ച് വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റാണ്. ഗോള്‍ഡന്‍ വിസ നിക്ഷേപകര്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗത്തിലുള്ള അപേക്ഷകര്‍ക്കുള്ള 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റാണിത്.

എന്താണ് ബ്ലൂ റെസിഡന്‍സി വിസ?

സമുദ്രജീവിതം, കര അധിഷ്ഠിത ആവാസവ്യവസ്ഥ, വായു ഗുണനിലവാരം, സുസ്ഥിരത സാങ്കേതികവിദ്യകള്‍, സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥ അല്ലെങ്കില്‍ അനുബന്ധ മേഖലകള്‍ എന്നിങ്ങനെ പരിസ്ഥിതി സംരക്ഷണത്തിന് അസാധാരണമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് അനുവദിച്ച 10 വര്‍ഷത്തെ റെസിഡന്‍സിയാണ് ബ്ലൂ റെസിഡന്‍സി വിസ.

ബ്ലൂ റെസിഡന്‍സി വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

ബ്ലൂ റെസിഡന്‍സി വിസയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അവരുടെ അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡൻറിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐ .സി .പി) ലേക്ക് നേരിട്ടോ അല്ലെങ്കില്‍ യു .എ .ഇയിലെ യോഗ്യതയുള്ള അധികാരികളുടെ നാമനിര്‍ദ്ദേശങ്ങളിലൂടെയോ സമര്‍പ്പിക്കാവുന്നതാണ്. മേയ് 15 നാണ് ബ്ലൂ റെസിഡന്‍സി വിസക്ക് കാബിനറ്റ് അംഗീകാരം നല്‍കിയത്.സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരത എന്നാണ് യു.എ.ഇ പുതിയ വിസ പുറത്തിറക്കി കൊണ്ട് വ്യക്തമാക്കിയത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.