യു.എ.ഇയിലേക്ക് വരുന്നവര്‍ നിരോധിത, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നാൽ കർശന നടപടി
യു.എ.ഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജോലി, ബിസിനസ്, ടൂറിസം ആവശ്യങ്ങള്‍ക്കായി ധാരാളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനാല്‍ ഇന്ത്യ-യു.എ.ഇ വ്യോമ ഇടനാഴി ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നാണ്. ഫെസ്റ്റിവല്‍ സീസണ്‍ അടുക്കുന്നതിനാല്‍ തന്നെ യു. എ. ഇയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കും. മലയാളികള്‍ അടക്കം ഇന്ത്യന്‍ പ്രവാസികളുടെ പറുദീസയാണ് യു .എ. ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍.
3.5 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ പങ്ക് ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 6 ദശലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. ഇങ്ങനെയൊക്കെയാണെങ്കിലും ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ നിരോധിക്കപ്പെട്ട കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നു എന്നതാണ് മറ്റൊരു വസ്തുത,
ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദ സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികള്‍ ചെയ്തതുമായ ടയറുകള്‍ എന്നിവ കർശന നിരോധിത ഉൽപന്നങ്ങളാണ്
കൂടാതെ ചെക്ക്-ഇന്‍ ബാഗേജില്‍ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളില്‍ ചിലത് കൊപ്ര, പടക്കങ്ങള്‍, ലൈറ്റര്‍, തീപ്പെട്ടി, പെയിൻറ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ്.ഇ-സിഗരറ്റുകള്‍, പവര്‍ ബാങ്കുകള്‍, സ്‌പ്രേ ബോട്ടിലുകള്‍ എന്നീ നിരോധിത വസ്തുക്കളും ചെക്ക്-ഇന്‍ ബാഗേജില്‍ പതിവായി കാണപ്പെടുന്നു. ഈ ഇനങ്ങളെല്ലാം തെറ്റായി കൈകാര്യം ചെയ്യുമ്പോഴോ ശരിയായി സൂക്ഷിക്കാതിരിക്കുമ്പോഴോ വിമാന സുരക്ഷയ്ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നവയാണ്. തീപിടുത്തം, സ്‌ഫോടനങ്ങള്‍, വിമാനത്തിൻെറ വൈദ്യുത സംവിധാനങ്ങളുമായുള്ള ഇടപെടല്‍ എന്നിവയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവയാണ് ഇവ എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. എന്നാല്‍ ഭൂരിഭാഗം യാത്രക്കാര്‍ക്കും ഇതിനെ കുറിച്ച് ഇപ്പോഴും അറിയില്ല.
നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും. യു.എ.ഇയിലേക്ക് വരുന്നവര്‍ ലഗേജില്‍ നിരോധിത, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ത്ഥിച്ചു. നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടിയെടുക്കും.
ചെക്ക്-ഇന്‍ ബാഗേജുകളുടെ നിരസിക്കല്‍ നിരക്കിലെ വര്‍ധിച്ചുവരുന്ന പ്രവണത നിരോധിത വസ്തുക്കളെ കുറിച്ച് സാധാരണ യാത്രക്കാര്‍ക്കിടയില്‍ അവബോധമില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. അപകടകരവും നിരോധിതവുമായ ഇനങ്ങളെക്കുറിച്ച് വിമാനത്താവളമോ എയര്‍ലൈനുകളോ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുന്നതിന് യാത്രക്കാര്‍ മുന്‍ഗണന നല്‍കണം എന്നും അധികൃതര്‍ പറയുന്നു.