ഇനി ഒറ്റ വിസയിൽ ഗൾഫ് രാജ്യങ്ങൾ എല്ലാം സന്ദർശിക്കാം
എല്ലാ ഗൾഫ് രാജ്യങ്ങളും ഒരൊറ്റ വിസയിൽ സന്ദർശിക്കാൻ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകി ഗൾഫ് സഹകരണ കൗൺസിൽ.ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിൻെറ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരോട് യോഗം അഭ്യർത്ഥിച്ചു. ടൂറിസം അടക്കമുള്ള വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും തീരുമാനം സഹായിക്കും. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം വര്‍ധിപ്പിക്കും.
‘ജി സി സി രാജ്യങ്ങളുടെ വികസനത്തിന് അനുയോജ്യമായ തീരുമാനമാണിത്. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്താൻ ഇതിന് സാധിക്കും. വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും ഗൾഫ് രാജ്യങ്ങളിലുള്ള സഞ്ചാരം സുഗമമാക്കാൻ ഇത് സഹായിക്കും. അതുവഴി വിനോദ സഞ്ചാര മേഖല രാജ്യത്തിൻെറ വളർച്ചയിൽ നിർണായകമാകുമെന്നും മേഖലകളിലേക്ക് കൂടുതൽ നിക്ഷേപത്തിനുള്ള സാധ്യത തെളിയുകയും ചെയ്യും.
ഷെങ്കൻ വിസ മാതൃകയിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ വീസ വേണമെന്ന ആവശ്യം മുൻപേ തന്നെ ഉയർന്നിരുന്നു. ഇതാണിപ്പോൾ യഥാർത്ഥ്യമായിരിക്കുന്നത്. പുതിയ തീരുമാനത്തോടെ യു എ ഇ, സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഒറ്റ വിസ കൊണ്ട് സന്ദർശിക്കാൻ സാധിക്കുക. തീരുമാനം രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ ഗുണകരമാകും. ഒരു ഗൾഫ് രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകണമെങ്കിൽ വിസയെടുക്കുന്നതും അതിനുള്ള കാലതാമസവുമെല്ലാം സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. പുതിയ തീരുമാനത്തോടെ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്നവർക്കും ഇനി പോക്ക് വരവ് എളുപ്പമാകും. ജോലി സാധ്യതകളും വർദ്ധിക്കും.