റമദാന്‍ മാസത്തിൽ യു.എ.ഇയിൽ ജീവിതം മാറും
ഇസ്ലാം മത വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട മാസമാണ് പരിശുദ്ധ റമദാന്‍. ഈ മാസം മുഴുവന്‍ അവര്‍ വ്രതം അനുഷ്ടിക്കുകയും സത്കർമങ്ങളിൽ ഏർപെടുകയും ചെയ്യും. റമദാന്‍ ആരംഭിക്കുന്നതിന് ഇനി ഒരു മാസമില്ല. വിശ്വാസികള്‍ റമദാന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു
ഗള്‍ഫ് പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റം സംഭവിക്കുന്ന മാസം കൂടിയാണ് റമദാന്‍. ജോലി സമയത്തില്‍ മാറ്റം വരും. ജോലി സമയം കുറയുകയാണ് ചെയ്യുക. ഇക്കാര്യം പറയുന്നതിന് മുമ്പ് റമദാന്‍ എന്ന് ആരംഭിക്കുമെന്ന് അറിയേണ്ടതുണ്ട്. യു.എ.ഇയില്‍ മാര്‍ച്ച് 11ന് റമദാന്‍ ഒന്ന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.റമദാന്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിൻെറ ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ മാത്രമേ വ്യക്തത വരികയുള്ളൂ. ചാന്ദ്ര മാസപ്പിറവി പരിശോധിച്ചാണ് ഇക്കാര്യത്തില്‍ യു.എ.ഇ ഭരണകൂടം തീരുമാനമെടുക്കുക.
സ്വകാര്യ മേഖലയിലെ ഓഫീസുകളില്‍ ജോലി സമയം കുറയും. രണ്ട് മണിക്കൂര്‍ സമയമാണ് കുറയുക. മുസ്ലിങ്ങളല്ലാത്ത ജീവനക്കാര്‍ക്കും ജോലി സമയം കുറയുമെന്നത് എടുത്തുപറയേണ്ടതാണ്. മാത്രമല്ല, ശമ്പളത്തില്‍ കുറവ് സംഭവിക്കുകയുമില്ല. റസ്റ്റാറൻറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകും. ഭൂരിഭാഗം റസ്റ്റാറൻറുകളും പകല്‍ അടച്ചിടും. വൈകീട്ട് തുറക്കും. അതേസമയം, പകല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും വാങ്ങാനും പൊതു ഇടങ്ങളിലല്ലാതെ ഭക്ഷണം കഴിക്കാനും സൗകര്യമുണ്ടാകും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറി ഷോപ്പുകള്‍ എന്നിവ പതിവ് പോലെ പ്രവര്‍ത്തിക്കും. മാളുകള്‍ അര്‍ദ്ധരാത്രി വരെ സാധാരണ പോലെ സജീവമാകും. പൊതുസ്ഥലങ്ങളിലെ പെയ്ഡ് പാര്‍ക്കിംഗ് സമയത്തില്‍ മാറ്റംവരും. ഇത് സംബന്ധിച്ച് പാര്‍ക്കിംഗ് ഭാഗങ്ങളില്‍ അറിയിപ്പുണ്ടാകും.
ടാക്‌സികള്‍ ഏത് സമയവും ലഭ്യമാകുന്ന രാജ്യമാണ് യു.എ.ഇ. അതേസമയം, റമദാനില്‍ വൈകീട്ടുള്ള പ്രാര്‍ഥന സമയം ടാക്‌സി ലഭിക്കാന്‍ പ്രയാസം നേരിട്ടേക്കാം. ഡ്രൈവര്‍മാര്‍ നോമ്പ് തുറക്കുന്ന സമയമായതിനാലാണിത്. അതുകൊണ്ടുതന്നെ ടാക്‌സി മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്രയ്ക്ക് ഒരുങ്ങുന്നതാണ് നല്ലത്. കരീം, ഹലാ ടാക്‌സി, യൂബര്‍ എന്നീ ആപ്പുകള്‍ വഴി ടാക്‌സി നേരത്തെ ബുക്ക് ചെയ്യാം.