കേരളത്തില്‍ നിന്നും യു. എ. ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍

കേരളത്തില്‍ നിന്നും യു. എ .ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നത് ദീർഘകാലമായിട്ടുള്ള ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കപ്പല്‍ സർവ്വീസ് ആരംഭിക്കുന്നത്. കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു 4 കമ്പനികളാണ് താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

‘ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺകാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നുള്ളത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഗൾഫിനും കേരളത്തിനുമിടയിൽ ഒരു കപ്പൽ സർവീസ് ആരംഭിക്കുന്നത് സർക്കാരിൻെറ പരിഗണനയിൽ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
കപ്പല്‍ സർവ്വീസ് നടത്തുന്നതിന് സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 27 ന് കൊച്ചിയിൽ വെച്ച് ഷിപ്പിംഗ് മേഖലയിലെ വിവിധ കമ്പനികളും കൊച്ചിൻ പോർട്ട് അതോറിറ്റി,  കൊച്ചിൻ ഷിപ്പ്യാർഡ്, ടൂറിസം വകുപ്പ്, നോർക്ക ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു.

കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 4 കമ്പനികളാണ് താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്.  കമ്പനി പ്രതിനിധികളുമായി കേരള മാരിടൈം ബോർഡ് അധികൃതർ നടത്തിയ ചർച്ച വിജയകരമാണ്. കേരളത്തിനും ഗൾഫിനുമിടയിൽ കപ്പൽ സർവീസ് കുറഞ്ഞ ചെലവിൽ ഉടൻ തന്നെ യാഥാർത്ഥ്യമാകുന്ന പ്രവർത്തനങ്ങൾ ആണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  യു .എ .ഇയിലേക്ക് സർവ്വീസെന്ന് പ്രാഥമികമായി തീരുമാനിച്ചെങ്കിലും ഏതെല്ലാം തുറമുഖങ്ങളിലേക്കാണ് സർവ്വീസ് നടത്തേണ്ടത്. കേരളത്തിലെ ഏതെല്ലാം തുറമുഖങ്ങളുമായി സർവ്വീസ് നടത്തണം. സർവ്വീസിനായി ഏത് തരം കപ്പലാണ് ഉപയോഗിക്കേണ്ടത്, എത്രപേർക്ക് യാത്ര ചെയ്യാനാകും, യാത്ര നിരക്ക്, കൂടുതലായി വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വകുപ്പ് വിശദമായി പരിശോധിച്ച് വരികയാണ്. മൂന്ന്​-നാല്​ ദിവസത്തെ യാത്ര, അതിന്​ പ്രവാസികൾ പ്രതീക്ഷിക്കുന്ന കുറഞ്ഞ നിരക്ക്​, അനുവദിക്കാവുന്ന ലഗേജ്​, ഷിപ്പിംഗ് ​ കമ്പനികൾ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങൾ സർക്കാറിനും മാരിടൈം ബോർഡിനും പരിഹരിക്കാനാകുന്ന​താണോ തുടങ്ങിയ കാര്യങ്ങളിലും വിശദമായ പഠനം നടത്തുന്നുണ്ട്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.