പ്രവാസികള്‍ക്ക് ആശ്വാസമായി ദുബായില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍

സീസണിന് അനുസരിച്ച് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് പ്രവാസികളാണ്. അന്യനാട്ടില്‍ എല്ലുമുറിയെ പണിയെടുത്ത സമ്പാദ്യത്തില്‍ വലിയൊരു വിഹിതം വിമാന ടിക്കറ്റിനായി നല്‍കേണ്ടി വരുന്നതിനാല്‍ പല പ്രവാസികളും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുന്നതും ഒഴിവാക്കുന്നതും ഇന്ന് സ്ഥിരം സംഭവമാണ്. എന്നാല്‍ ഇതിനൊരു പരിഹാരത്തിനുള്ള വഴി തെളിയാന്‍ പോകുകയാണ്.

കപ്പല്‍ മാര്‍ഗം ദുബായിലെ പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്താനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്.  സര്‍ക്കാരിൻെറ അനുമതി കൂടി ലഭിച്ചാല്‍ ഈ വര്‍ഷം ഡിസംബറില്‍ തന്നെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂമുള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമാകും. പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസകരമായിരിക്കും ഇത് എന്ന് പറയേണ്ടതില്ലല്ലോ. കാരണം വിമാന ടിക്കറ്റിനേക്കാള്‍ എത്രയോ കുറവാണ് കപ്പല്‍ ടിക്കറ്റ് എന്നത് തന്നെ.

വിമാനത്തില്‍ കൊണ്ട് പോകാന്‍ സാധിക്കുന്നതിനേക്കാള്‍ വലിയ ലഗേജ് കൊണ്ടുപോകാം എന്നതാണ് മറ്റൊരു ആകര്‍ഷണം. അതിനൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, കടലിലൂടെയുള്ള മൂന്ന് ദിവസത്തെ യാത്ര എന്നിവയും ഇത് വഴി സാധ്യമാകും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രക്ക് കേവലം പതിനായിരം രൂപയെ ചെലവാകൂ എന്നതാണ് പ്രധാന ആകര്‍ഷണം.

കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് 10000 രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്നത്  ഒരു ട്രിപ്പില്‍ പരമാവധി 1250 പേര്‍ക്ക് യാത്ര ചെയ്യാനാകും. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ് സര്‍വീസിന് ഉപയോഗിക്കാനായി കണ്ടുവെച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ഇത്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത് . കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനുംഅപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ അനുകൂല പ്രതികരണമുണ്ടായാല്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസകരമാകും.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.