പരസ്യം ചെയ്യാന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി യു.എ.ഇ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തി യുഎഇ. ലൈസന്‍സില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പരസ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ്   അറിയിച്ചു. ജൂലൈ 1 മുതല്‍ ചട്ടം നിലവില്‍ വരും. ലൈസന്‍സില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപയോഗിച്ചുകൊണ്ട് പരസ്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 3000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തും. ഇത് കമ്പനികള്‍ അടച്ച് പൂട്ടുന്നതിലേക്ക് വരെ നയിച്ചേക്കാം എന്നും  പറയുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും ഈ പിഴത്തുക ബാധകമായിരിക്കും.
വെബ്സൈറ്റുകളിലൂടെ പരസ്യങ്ങള്‍ നല്‍കുന്നതിന് ഇന്‍ഫ്ളുവന്‍സര്‍മാര്‍ അബുദാബി ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറിൻെറ അനുമതി നേടിയിരിക്കണം. ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ് സര്‍വീസസ് ആക്സസ് ചെയ്ത് ഇ-പ്ലാറ്റ്ഫോമുകളിലെ പരസ്യ സേവനങ്ങള്‍ ഉള്‍പ്പെടെ അവര്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുത്ത് ടാം പ്ലാറ്റ്ഫോമിലൂടെ എളുപ്പത്തില്‍ ലൈസന്‍സുകള്‍ നേടാനാകും.

വ്യക്തികള്‍ക്കുള്ള ലൈസന്‍സ് ഫീസ് 1250 ദിര്‍ഹവും കമ്പനികള്‍ക്ക് 5000 ദിര്‍ഹവും ആണ്. എമിറേറ്റ്സ് ഐ.ഡി കാര്‍ഡോ ഏകീകൃത നമ്പറോ ഉണ്ടെങ്കില്‍ രാജ്യത്തിന് പുറത്തുള്ള വിദേശികള്‍ക്കും ലൈസന്‍സ് നേടാം. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള പരസ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ കമ്പനികള്‍ക്കും തീരുമാനം ബാധകമാണ്. ദേശീയ മാധ്യമ കൗണ്‍സിലിൻെറഅനുമതിയുണ്ടെങ്കിലും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ലൈസന്‍സ് നേടേണ്ടതുണ്ട്. പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അതത് സ്ഥാപനങ്ങള്‍ക്കും അനുമതി നിര്‍ബന്ധമാണ്. ഇന്‍ഫ്ളുവന്‍സര്‍മാര്‍, വെബ്സൈറ്റുകള്‍ എന്നിവയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പായി ഔദ്യോഗിക അനുമതിയുണ്ടെന്ന് ഉറപ്പാക്കേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. മികച്ച ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ഇത് അനിവാര്യമാണെന്നാണ് അബുദാബി ഡിപ്പാര്‍ട്ട്മെൻറ്ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ് പറയുന്നത്.

നിലവില്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയകളിലും പരസ്യ സേവനങ്ങള്‍ പരിശീലിക്കുന്ന 543 ലൈസന്‍സ് ഉടമകളുണ്ട്. തീരുമാനം പ്രാബല്യത്തില്‍ വന്നതിന് ശേഷം എണ്ണം വര്‍ധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. നേരത്തെ, എമിറേറ്റിലെ എല്ലാ ലൈസന്‍സുള്ള ബിസിനസുകള്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബ്രാന്‍ഡുകള്‍, ബിസിനസുകള്‍, ഉത്പന്നങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പണം സമ്പാദിക്കുന്ന ഇന്‍ഫ്ളുവന്‍സര്‍മാര്‍ നാഷണല്‍ മീഡിയ കൗണ്‍സിലില്‍ നിന്ന് മീഡിയ ലൈസന്‍സ് നേടണം എന്നാണ് യു.എ.ഇയിലെ നിയമത്തില്‍ അനുശാസിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം, ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ പരസ്യങ്ങള്‍ ചെയ്യാന്‍ ഇന്‍ഫ്ളുവന്‍സര്‍മാര്‍ വന്‍തുകയാണ് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയകളിലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ നിരീക്ഷിക്കുന്നുണ്ട്.

വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും സമൂഹികമാധ്യമം വഴി പരസ്യം ചെയ്ത് പണം സമ്പാദിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ലൈസന്‍സ് നേടണമെന്ന് 2018 ല്‍ ആണ് നാഷണല്‍ മീഡിയ കൗണ്‍സില്‍ ഉത്തരവിറക്കിയത്. അതേസമയം പണം വാങ്ങാതെ പോസ്റ്റുകള്‍ ഇടുന്നതിനും സ്ഥാപനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും കുഴപ്പമില്ല. ദൃശ്യ, ശ്രവ്യ, അച്ചടി, മാധ്യമങ്ങള്‍ക്ക് യുഎഇയില്‍ പ്രവര്‍ത്തിക്കുന്നതിന് നാഷനല്‍ മീഡിയ കൗണ്‍സിലിൻെറ ലൈസന്‍സ് നിര്‍ബന്ധമാണ്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.