പ്രവാസിക്ഷേമത്തിന് 50 കോടി
തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനും സംസ്ഥാന ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപ വകയിരുത്തി. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ 5 കോടി രൂപയും അനുവദിച്ചു.
പ്രവാസി പുനരധിവാസ പദ്ധതിക്ക് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നോര്‍ക്ക തൊഴില്‍ പദ്ധതിക്ക് 5 കോടി രൂപ വകയിരുത്തി. നോര്‍ക്കയുടെ ശുഭയാത്ര പദ്ധതിക്ക് 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ ഒരുക്കും.
വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് ഫ്രം ഹോളിഡേ ഹോം
തൊഴില്‍ മേഖലയിലെ നൂതന സംവിധാനങ്ങള്‍ക്കും സംസ്ഥാന ബജറ്റ് പിന്തുണ നല്‍കുന്നു. വര്‍ക്ക് നിയര്‍ ഹോമിനായി 50 കോടി രൂപയും, വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി 10 കോടി രൂപയുമാണു വകയിരുത്തിയിരിക്കുതെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
മൂന്നു വര്‍ഷത്തിനുള്ളില്‍ വര്‍ക്ക് നിയര്‍ ഹോം സൗകര്യങ്ങളിലൂടെ ഒരു ലക്ഷം വര്‍ക്ക് സീറ്റുകള്‍ സൃഷ്ടിക്കുന്നതിനായി ആയിരം കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാദേശിക തലത്തില്‍ രൂപരേഖ തയാറായിട്ടുണ്ട്.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ടതാണ് വര്‍ക്ക് ഫ്രം ഹോളിഡേ ഹോം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തൊഴില്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഓണ്‍ലൈന്‍ സൗകര്യമുള്ള കേന്ദ്രങ്ങളായിരിക്കും ഇവ. ഇതിനായി പത്ത് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
മോട്ടോർ വാഹനങ്ങൾക്ക് നികുതി വർധിപ്പിച്ചു
സംസ്ഥാനത്ത് മോട്ടോർ സൈക്കിൾ നികുതി വർധിപ്പിച്ചു. 2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനമാണ് നികുതി വർധിപ്പിച്ചത്. 5 ലക്ഷം വരെ വിലയുള്ള കാറിന് 1% വും 5 മുതൽ 15 ലക്ഷം വരെയുള്ളവയ്ക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. 15 ശതമാനത്തിന് മുകളിലുള്ളവയ്ക്ക് വീണ്ടും ഒരു ശതമാനം കൂടി നികുതി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ 340 കോടി അധിക വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്
സംസ്ഥാനത്ത് വൈദ്യുതി തീരുവ വർധിപ്പിച്ചു. 5% മാണ് തീരുവ വർധിപ്പിച്ചത്. കെട്ടിട നികുതിയിലും പരിഷ്ക്കാരങ്ങളുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതു വഴി 1000 കോടി അധിക സമാഹാരമാണ ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
70,000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്‍റർനെറ്റ് കണക്ഷന്‍
സ്റ്റാർട്ടപ്പ് മിഷന് ബജറ്റിൽ 90.2 കോടിരൂപ മാറ്റിവച്ചു. ടെക്നോ പാർക്കിന് 26 കോടിയും ഇന്‍ഫോ പാർക്കിന് 25 കോടിയും വകവരുത്തി. റെയിൽവേ സുരക്ഷയ്ക്ക് 12 കോടിയും ജില്ലാ റോഡുകൾക്ക് 288 കോടിയും അനുവദിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളുടെ നവീകരണത്തിനായി 20 കോടി രൂപയും അനുവദിച്ചു.
മേക്ക് ഇന്‍ കേരള
സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളില്‍ തദ്ദേശീയമായി ഉല്‍പാദിപ്പിക്കുവാന്‍ സാധ്യതയുള്ളവ കണ്ടെത്തുമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റില്‍ വ്യക്തമാക്കി. കേരളത്തില്‍ ആഭ്യന്തര ഉല്‍പാദനവും, തൊഴില്‍-സംരംഭക-നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ സൗകര്യങ്ങളൊരുക്കി മേക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനായി സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് പഠനം നടത്തിയിരുന്നു.
തദ്ദേശീയമായി ഉല്‍പാദിപ്പിക്കുവാന്‍ സാധ്യതയുള്ളവ കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇവ കണ്ടെത്തിയ ശേഷം ഉല്‍പാദനക്ഷമത, കൂലി, ചെലവ്, ലാഭം തുടങ്ങിയവ വിലയിരുത്തിയ ശേഷം ഉല്‍പാദനത്തിനു പിന്തുണ നല്‍കുകയാണ് പദ്ധതി. പദ്ധതി രൂപീകരണത്തില്‍ സംരംഭക ഗ്രൂപ്പുകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതിനായി പ്രായോഗിക പദ്ധതി രൂപീകരിക്കും. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കും മേക്ക് ഇന്‍ കേരളയിലൂടെ പിന്തുണ നല്‍കും. കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. 100 കോടി രൂപയാണ് മേക്ക് ഇൻ കേരളയ്ക്കായി അനുവദിച്ചിരിക്കുന്നത്. പദ്ധതി കാലയളവിൽ 1000 കോടി രൂപയും അധികമായി അനുവദിക്കും.