യു.എ.ഇയില്‍ ജോലി സമയം കുറച്ചു; അധിക ശമ്പളവും പ്രഖ്യാപിച്ചു
ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ജി.സി.സി രാജ്യമാണ് യുഎഇ. റമദാന്‍ മാസം തുടങ്ങാനിരിക്കെ ജോലി സമയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഭരണകൂടം. എല്ലാ വര്‍ഷവും റമദാന്‍ പ്രമാണിച്ച് ജോലി സമയം കുറയ്ക്കാറുണ്ട്. എന്നാല്‍ ശമ്പളത്തില്‍ കുറവുണ്ടാകാറുമില്ല. അധിക ജോലി ചെയ്താല്‍ അധിക ശമ്പളവും കിട്ടും.
സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി സമയം കുറച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ജോലിക്കാര്‍ക്ക് വലിയ സന്തോഷത്തിനാണ് വകയുള്ളത്. കാരണം, സാധാരണ ഇവര്‍ക്ക് ആഴ്ചയില്‍ നാലര ദിവസമാണ് ജോലി. ഇതില്‍ കുറവ് വരുത്തിയിരിക്കുകയാണിപ്പോള്‍.
യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറാണ് ജോലി സമയം. രാവിലെ 7.30 മുതല്‍ 3.30 വരെ. തിങ്കള്‍ മുതല്‍ വ്യാഴം വരെയാണ് പ്രവൃത്തി ദിവസം. വെള്ളിയാഴ്ച പകുതി ജോലിയുണ്ടാകും. അതായത്, നാലര ദിവസമാണ് ആഴ്ചയില്‍ ജോലിയുള്ളത്. ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ക്ക് പുറമെ, വെള്ളിയാഴ്ച ഹാഫ് ഡേയാണ്.
എന്നാല്‍ റമദാന്‍ പ്രമാണിച്ച് ഈ ജോലി സമയത്തില്‍ കുറവ് വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ജോലി സമയത്തില്‍ മൂന്നര മണിക്കൂറാണ് കുറച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഒന്നര മണിക്കൂറും കുറച്ചു.
എല്ലാ മന്ത്രാലയങ്ങളും ഫെഡറല്‍ ഏജന്‍സി ഓഫീസുകളും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ. ആവശ്യമുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാം. ഇത്തരം ഘട്ടത്തില്‍ ജീവനക്കാരുടെ ഹാജര്‍ അധികൃതര്‍ ഉറപ്പ് വരുത്തും. മാര്‍ച്ച് 12ന് റമദാന്‍ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാന്ദ്ര മാസപ്പിറവി പരിശോധിച്ച് തൊട്ടു മുമ്പുള്ള ദിവസമാകും ഇക്കാര്യത്തില്‍ വ്യക്തത വരിക. സ്വകാര്യ മേഖലയിലെ ജോലി സമയത്തിലും റമദാന്‍ പ്രമാണിച്ച് കുറവ് വരുത്തിയിട്ടുണ്ട്.
എല്ലാ ദിവസവും ജോലി സമയത്തില്‍ രണ്ട് മണിക്കൂറാണ് സ്വകാര്യ മേഖലയില്‍ കുറവ് വരുത്തിയിട്ടുള്ളത്. കമ്പനികള്‍ക്ക് ജോലിയുടെ സ്വഭാവം അനുസരിച്ച് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാം. യു.എ.ഇയിലെ സ്വകാര്യ കമ്പനികളില്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയാണ് ജോലി സമയം. റമദാനില്‍ രണ്ട് മണിക്കൂര്‍ കുറയും. കമ്പനികളുടെ ആവശ്യം പരിഗണിച്ച് പതിവ് പോലെ ജോലി ചെയ്യേണ്ടി വന്നാല്‍ രണ്ട് മണിക്കൂറിന് അധിക ശമ്പളവും കിട്ടും. നോമ്പ് എടുക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ജോലി സമയത്തില്‍ കുറവുണ്ടാകും.
റമദാന്‍ പ്രമാണിച്ച് ആരാധനകളിലും മറ്റും മുഴുകുന്നതിന് വേണ്ടിയാണ് ജോലി സമയം കുറയ്ക്കുന്നത്. മാത്രമല്ല, ജോലി സമയം കുറയ്ക്കുന്നതിലൂടെ ജോലിക്കാര്‍ ചുമതലകളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുവെന്ന് കഴിഞ്ഞ കാലങ്ങളില്‍ ഭരണകൂടം മനസിലാക്കിയിട്ടുണ്ട്.