വിമാനത്തിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യങ്ങളെ കുറിച്ച് അറിവില്ല
നമ്മൾ വിമാനത്തിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ ആയാലും അതിൽനിന്നും ലഭിക്കുന്ന പല ആനുകൂല്യങ്ങളെ കുറിച്ചും അറിവില്ല എന്നതാണ് സത്യം.അത്തരത്തിൽ ലോയൽറ്റി പോയിന്റുകൾ ചെലവഴിക്കുന്നതിൽ വിമാന യാത്രികർക്ക് ധാരണ കുറവാണ് എന്നാണ് ട്രാവൽ ടെക് സ്ഥാപനമായ ഐ.ബി.എസ് സോഫ്റ്റ് വെയർ സർവേ സൂചിപ്പിക്കുന്നത്.ലോയൽറ്റി സ്‌കീമുകളുടെ നേട്ടങ്ങളെക്കുറിച്ച് യാത്രികരെ ബോധവാൻമാരാക്കേണ്ടത് എയർലൈനുകളുടെ ചുമതലയാണെന്നും അല്ലെങ്കിൽ അവർക്ക് ക്ലബ്ബിന്റെ ഭാഗമാകാനുള്ള താത്പര്യം നഷ്ടപ്പെടുമെന്നും ഐ.ബി.എസ് ലോയൽറ്റി സൊല്യൂഷൻസ് വൈസ് പ്രസിഡന്റും മേധാവിയുമായ മാർക്കസ് പഫർ പറഞ്ഞു. വിമാന യാത്രികരിൽ 63 ശതമാനവും എയർലൈൻ ലോയൽറ്റി പ്രോഗ്രാമിൽ (എ.എൽ.പി) അംഗങ്ങളാണെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ എ.എൽ.പി ചെലവഴിക്കുന്നതിൽ ഇവർ പിറകോട്ടാണ് താനും. സിംഗപ്പൂർ, ഹോങ്കോങ്, ദുബായ് എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിമാനത്തിൽ യാത്ര ചെയ്ത 1500 യാത്രക്കാരിലാണ് ഇതിനെ സംബന്ധിച്ചുള്ള സർവേ നടത്തിയത്.
സർവ്വേയുടെ ഭാഗമായിപ്രതികരിച്ചവരിൽ വിനോദസഞ്ചാരികളും ബിസിനസ് യാത്രികരും ഉൾപ്പെടുന്ന 63ശതമാനം എ.എൽ.പിയിൽ അംഗങ്ങൾ ആയിട്ടുള്ളവരാണ് .അംഗങ്ങളായിട്ടുള്ളവർ ശരാശരി രണ്ട് എ.എൽ.പിയിലെങ്കിലും ഉൾപ്പെടുന്നുണ്ട്. ലോഞ്ചുകളിലേക്കുള്ള എക്സ്‌ക്ലൂസീവ് ആക്സസ് (32ശതമാനം), ക്യാബിൻ ക്ലാസ് അപ്‌ഗ്രേഡുകൾ (31ശതമാനം) എന്നിവ ഈ ഗ്രൂപ്പിന്റെ നേട്ടങ്ങളായി കാണുന്നു. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ക്ലാസ് അപ്‌ഗ്രേഡുകളും കാലാവധി കഴിയാത്ത പോയിൻറുകളും ആകർഷകങ്ങളാണ്. ബാക്കിയുള്ള ആളുകൾ സൂപ്പർമാർക്കറ്റ്, വസ്ത്ര ബ്രാൻഡ്, ഭക്ഷണശാല സ്‌കീമുകൾ തുടങ്ങിയവ തെരഞ്ഞെടുക്കാൻ താത്പര്യം ഉള്ളവർ ആണ്.
56% പേരും ഇത് എവിടെ നിന്ന് റെഡീം ചെയ്യാമെന്ന് അറിവില്ലാത്തതിനാൽ പ്രയോജനപ്പെടുത്താനാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സിംഗപ്പൂരിലും 37ശതമാനം പേർ സർവേയോട് പ്രതികരിച്ചത് ആനുകൂല്യങ്ങളെക്കുറിച്ച് അറിയില്ലെന്നു തന്നെയാണ്. വളരെ ബുദ്ധിമുട്ടാണെന്ന ധാരണയാണ് ലോയൽറ്റി പ്രോഗ്രാമുകൾ ഒഴിവാക്കുന്നതിനുള്ള കാരണമായി 23 ശതമാനം പേരും അഭിപ്രായപ്പെട്ടത് . 58 ശതമാനം പേർ ഭാവിയിൽ ഇത് പരീക്ഷിക്കാൻ താല്പര്യമുള്ളവരാണ്.ഫാസ്റ്റ് ട്രാക്ക് ചെക്ക്ഇൻ, ഉടനടിയുള്ള റിവാർഡുകൾ, ഇവൻറുകളിലേക്കുള്ള സൗജന്യ ടിക്കറ്റുകൾ എന്നിവയാണ് ബിസിനസ് യാത്രക്കാരെ ആകർഷിക്കുന്നത്.വി.ഐ.പി ലോഞ്ചുകളും ക്ലാസ് അപ്‌ഗ്രേഡുകളും അതിശയകരമായ ആനുകൂല്യങ്ങളാണെന്നും മാർക്കസ് പഫർ പറഞ്ഞു.