“മക്കളെ കണ്ടും മാമ്പൂക്കള്‍ കണ്ടും മാതാപിതാക്കള്‍ കൊതിക്കരുതെന്ന” പഴഞ്ചൊല്ല് ഇന്ന് പ്രസക്തമാകുന്നു
വിദേശത്ത് മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നൽകണം, ഒരുപക്ഷേ നിങ്ങള്‍ അവരുടെ സ്വതന്ത്ര ചിന്തകളുടെ ബലിയാടാകുമെങ്കിലും ..
പഴഞ്ചൊല്ലുകള്‍ക്കും ആപ്ത വാക്യങ്ങള്ക്കും പഴമൊഴികള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത മലയാള നാട്ടില്‍ മാതാപിതാക്കള്‍ മാനസിക പ്രതിസന്ധിയുടെ അല്പംപോലും സുഖകരമല്ലാത്ത മേച്ചിൽപ്പുറങ്ങളില്‍ സങ്കടങ്ങളെ മാത്രം താലോലിച്ചു തങ്ങളുടെ വാർദ്ധക്യമെന്ന ജീവിത വിരാമ കാലത്തിലെ അഭിശപ്ത നിമിഷങ്ങളെ പുൽകാന്‍ നിർബ ന്ധിതമാകുന്ന ഒരു കാലം അതിവിദൂരമല്ല. ഇവിടെ പറഞ്ഞു വരുന്നത് “മക്കളെക്കണ്ടും മാമ്പൂക്കള്‍ കണ്ടും മാതാപിതാക്കള്‍ കൊതിക്കരുതെന്ന” പഴഞ്ചൊല്ലിൻെറ വർദ്ധിച്ച പ്രാധാന്യമാണ്. ഒരുപാടു ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ചു സ്വന്തം ഇല്ലായ്മകള്‍ മറന്നു മക്കളെ പൊന്നുപോലെ സ്നേഹിച്ചു വളർത്തുന്ന മാതാപിതാക്കളെ നിങ്ങളെ കാത്തിരിക്കുന്നത് വാർദ്ധക്യത്തോടടുക്കുമ്പോള്‍ മക്കളിൽ നിന്നു തിരിച്ചു കിട്ടുന്ന സ്നേഹമോ, പരിഗണനയോ,സഹതാപമോ അല്ല, മറിച്ചു അവഗണന മാത്രം. ഇതു പച്ചയായ യാഥാർത്ഥ്യമാണ്, ഇതു സാധാരണക്കാരനും ഇടത്തരക്കാരനും സമ്പന്നനും ഒരുപോലെ ബാധകമായ നിഷേധിക്കാനാകാത്ത സത്യമാണ്, അതു ഒട്ടും അകലെയല്ല, ഇന്നു കഴിഞ്ഞു അധികം ദൂരെയല്ലാത്ത നാളെ അതു സംഭവിച്ചിരിക്കും. മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ സമ്പാദിച്ചു കൂട്ടിയതെല്ലാം വെറുതെയാകും, അറുത്ത കൈക്ക് ഉപ്പു തേക്കാതെ, അയൽക്കാ രനെ സ്നേഹിക്കാതെ, മന:സാക്ഷിയോട് സന്ധിചെയ്യാതെ നിങ്ങള്‍ സമ്പാദിച്ചു കൂട്ടിയതെല്ലാം അന്യര്‍ കൊണ്ടുപോകും. മക്കള്‍ നിങ്ങളോട് പറയും “അച്ഛാ എനിക്കൊന്നും വേണ്ട, നാട്ടിലെ വീടും സ്വത്തുക്കളുമെല്ലാം അച്ഛന്‍ തന്നെ എടുത്തോളൂ, എനിക്കു വേണ്ടതെല്ലാം (എനിക്കും മക്കള്‍ക്കും വേണ്ടതെല്ലാം) ഞാനിവിടെ കാനഡയിൽ തന്നെ ഉണ്ടാക്കിയിട്ടുണ്ട്”. ഇതു കേള്‍ക്കുമ്പോള്‍ ചില അച്ഛനമ്മമാർ ബോധംകെട്ടു വീണേക്കാം, മറ്റു ചിലരോ അല്പം മനക്കരുത്തോടെ ചിന്തിക്കും “ഈ വാക്കുകള്‍ കേള്‍ക്കാ ന്‍ വേണ്ടിയാണോ ഞാന്‍ സമ്പാദിച്ചു കൂട്ടിയത്?” അതേ മാതാപിതാക്കളെ, ഇതു തന്നെയാണ് ശരിയായ സമയം, നിങ്ങള്‍ ചിന്തിക്കൂ, മക്കള്‍ക്ക് വേണ്ടി സമ്പാദിച്ചു കൂട്ടേണ്ട ആവശ്യമുണ്ടോ? ഉത്തരം ഒന്നേ ഒന്ന് മാത്രം “നിങ്ങള്‍ സമ്പാദിച്ചു കൂട്ടേണ്ട ആവശ്യമില്ല, മക്കള്‍ക്ക് വേണ്ടത് അവർ തന്നെ സമ്പാദിക്കുന്ന ഒരു കാലമാണിത്, പണ്ടു കാലത്ത് കാരണവന്മാര്‍ പറയുന്ന അതേ “കലികാലം”.
ചില യാഥാർത്ഥ്യങ്ങള്‍ പാരമ്പര്യങ്ങളോടു കലഹിക്കും
മേൽപ്പറഞ്ഞ കാര്യങ്ങള്‍ എഴുതാന്‍ പ്രചോദനമേകിയത് കഴിഞ്ഞ ദിവസം പ്രമുഖമായൊരു മലയാള ദിനപ്പത്രത്തില്‍ കണ്ട വാർത്തയാണ്. അതിൻെറ ശീർഷകം ഇങ്ങിനെയാണ് “നാട്ടിലേക്കു മടങ്ങാതെ ഇന്ത്യക്കാര്‍”, നാടണഞ്ഞു ചൈനക്കാര്‍”. ഈ വാർത്തയുടെ സാരാംശം കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ടോ? ചൈനക്കാരായ വിദ്യാർത്ഥികള്‍ക്കു ദേശസ്നേഹമുണ്ട്, അവര്‍ പരമ്പരാഗതമായ മൂല്യങ്ങളില്‍ വിശ്വസിക്കുന്നു, മാതാപിതാക്കളെ സ്നേഹിക്കുന്നു, കുടുംബത്തെ സ്നേഹിക്കുന്നു, വീടിനെ സ്നേഹിക്കുന്നു. അവർക്കു ചൈനയിൽ തന്നെ ധാരാളം സാധ്യതകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ അവര്‍ ജന്മദേശമായ ചൈനയിലേക്കു മടങ്ങി. എന്തുകൊണ്ടാണ് ഇന്ത്യക്കാരായ വിദ്യാർത്ഥി കള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കാത്തത്? ഒരു ഗവേഷണ വിഷയത്തിനു വേണ്ട തിസീസ് സമർപ്പിക്കാന്‍ ആവശ്യമായ കാരണങ്ങള്‍ ഇതില്‍ പതിയിരുപ്പുണ്ട്.കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ ഒരു വിദ്യാർത്ഥി ക്കോ അല്ലെങ്കില്‍ വിദ്യാർത്ഥിനിക്കോ (യുവാവിനോ/യുവതിക്കോ) ഇന്ത്യയില്‍ വിദ്യാഭ്യാസം പൂർത്തി യാക്കി മടങ്ങിവന്നാല്‍ എന്തു നേടാനാകും, അവരുടെ ഭാവി എന്താണ്? കേരളത്തിലെ കാര്യം മാത്രം നോക്കാം, ഇവിടെ സർക്കാ ര്‍ വിദേശത്തുനിന്നും ഉന്നതവിദ്യാഭ്യാസം നേടി വരുന്നവർക്ക് വേണ്ടി എന്തു വാഗ്ദാനമാണ് നൽകുന്നത്? വ്യവസായങ്ങള്‍ തുടരെ പൂട്ടിപ്പോകുന്നതല്ലാതെ പുതുതായി എന്തെങ്കിലും വ്യവസായങ്ങള്‍ കേരളത്തില്‍ വരുന്നുണ്ടോ? കേരളത്തില്‍ ഡോക്ടറേറ്റ് (PHD) നേടിയ ഒരാള്‍ക്ക് കാനഡയില്‍ (അല്ലെങ്കില്‍, ഏതെങ്കിലും ഒരു വിദേശ രാജ്യത്ത്) പോസ്റ്റ് ഡോക്ടറേറ്റ് നേടാനുള്ള സംവിധാനങ്ങള്‍, മികച്ച ലാബ് സൌകര്യങ്ങളോടെ അവിടത്തെ വിദ്യാഭ്യാസ മന്ത്രാലയം നല്കും . മറിച്ചു കാനഡയില്‍ നിന്ന് ഡോക്ടറേറ്റ് (PHD) നേടിയ ഒരാള്‍ക്ക് ഇന്ത്യയില്‍ പോസ്റ്റ് ഡോക്ടറേറ്റ് നേടാനുള്ള സൌകര്യങ്ങള്‍ ഉണ്ടോ? ഇവിടത്തെ വിദ്യാഭ്യാസ മന്ത്രാലയം തികഞ്ഞ പരാജയം അല്ലെ? കടം കയറി മുടിഞ്ഞ കേരളത്തിലേക്കു വരാന്‍ വിദേശത്തു പഠിച്ച (കാനഡയില്‍ മാത്രമല്ല, ലോകത്തെവിടെയായാലും) ഒരു വിദ്യാർത്ഥി/വിദ്യാർത്ഥിനി പോലും തയ്യാറാകില്ല. അവരുടെ ഭാവി ഇരുളടഞ്ഞു പോകും. അവർക്ക് ഉന്നത നിലവാരമുള്ള ഒരു ജീവിതം അഥവാ ശോഭനമായൊരു ഭാവി കരസ്ഥമാക്കണമെങ്കില്‍ കാനഡയിൽ തന്നെ തുടരുന്നതാണ് നല്ലതെന്ന ഉത്തമ ബോധ്യം അവർക്കുണ്ട്, അതുകൊണ്ടുതന്നെ അവര്‍ ഇന്ത്യയിലെ ജന്മ നാടായ കേരളത്തിലേക്കു മടങ്ങി വരാന്‍ ആഗ്രഹിക്കില്ല.
കാനഡ, ജർമമനി, യു,കെ, ആസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ജീവിക്കുന്ന സ്വന്തം മക്കളുടെ സ്നേഹവും, പരിഗണനയും, പരിചരണവും പ്രതീക്ഷിക്കുന്ന മാതാപിതാക്കളെ, അത്തരം ചിന്തകള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. “പാൽ നൽകിയ കൈകളില്‍ തിരിച്ചു കടിച്ചുവെന്നു ചിന്തിക്കേണ്ട” പകരം അന്തസ്സായി, സന്തോഷത്തോടെ, സംത്റുപ്തിയോടെ ജീവിക്കാനുള്ള അവരുടെ ജന്മാവകാശം അവര്‍ നേടിയെടുത്തുവെന്നു കരുതിയാല്‍ മതി. ഒരു പക്ഷെ, അവരുടെ കുഞ്ഞു മക്കളെ (പേരക്കുട്ടികളെ) ഒരു നോക്കു കാണാന്‍ പോലും പറ്റാതെ നിങ്ങളുടെ കണ്ണടഞ്ഞു പോയേക്കാം, അത് നിങ്ങളുടെ വിധി അഥവാ സ്വന്തം പേരക്കുട്ടികളെ കാണാനുള്ള യോഗം നിങ്ങള്‍ക്കില്ലയെന്ന സ്ഥിതിവിശേഷം മറഞ്ഞിരുന്നു നിങ്ങളെ പരിഹസിക്കുന്നുണ്ട്. അതുകൊണ്ടു കൊച്ചു കേരളത്തിലെ മാതാപിതാക്കളെ ജാഗ്രതൈ, പിന്നെ ഒരാശ്വാസം ഉണ്ട്, പേരക്കുട്ടികളെ നേരിട്ട് കാണാന്‍ പറ്റിയില്ലെങ്കിലും വീഡിയോ കോള്‍ വഴി സംവദിക്കാം, ഇതാണു ന്യൂ ജെന്‍ തലമുറയെക്കുറിച്ചു കാലഘട്ടം നമ്മെ കാണിക്കുന്ന നേർകാഴ്ച. മക്കളുടെ സ്വന്തം ജീവിതം അവരുടെ മാത്രം തീരുമാനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകാം
പിന്നെ മനശാസ്ത്രപരമായ പല കാര്യങ്ങളും ഉണ്ട്.വിദേശ സംസ്കാരം (ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഒഴികെ) വളരെ വിശാലമാണ്, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അല്പം പോലും യാഥാസ്ഥിതികമല്ല, അവര്‍ വളരെ വിശാലമായി ചിന്തിക്കുന്നു, ജീവിതം കൂടുതല്‍ സ്വതന്ത്രമാണ്, മതങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല, ജീവിതം അടിച്ചുപൊളിച്ചു ആസ്വാദനങ്ങളോടെ സന്തോഷിച്ചു ജീവിക്കുകയെന്നതാണ് അവരുടെ വിശ്വാസ പ്രമാണം. അതുകൊണ്ടുതന്നെ കാനഡ, അമേരിക്ക, യു.കെ (ബ്രിട്ടന്‍), ആസ്ട്രേലിയ എന്നിവിടങ്ങളിലോ, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലോ പോയി വിദ്യാഭ്യാസം നേടുന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കില്ല. അവര്‍ വീട്ടിലേക്കു വിളിച്ചു പറയും ““അച്ഛാ എനിക്കൊന്നും വേണ്ട, നാട്ടിലെ വീടും സ്വത്തുക്കളുമെല്ലാം അച്ഛന്‍ തന്നെ എടുത്തോളൂ, എനിക്കു വേണ്ടതെല്ലാം (ഏനിക്കും മക്കള്‍ക്കും വേണ്ടതെല്ലാം) ഞാനിവിടെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്”. മാതാപിതാക്കളെ കരുതിയിരിക്കുക, സ്വന്തം മക്കളിൽ നിന്നുള്ള പരിഗണനയില്ലാത്ത പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന തലമുറയുടെ തലവരയാണ്. നിങ്ങള്‍ മക്കളില്‍ അർപ്പിക്കുന്ന പ്രതീക്ഷകളെല്ലാം വെറുതെയാകും, “ന്യൂ ജെന്‍” എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ തലമുറ വളരെ കാര്യക്ഷമമാണ്, നിങ്ങള്‍ അവർക്ക് വിദേശ രാജ്യങ്ങളില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം നൽകിയത് (അല്ലെങ്കില്‍ ഇനി നൽകാന്‍ പോകുന്നത്) വളരെ നല്ല കാര്യമാണ്, പക്ഷെ അവരില്‍ നിന്നു കൂടുതലൊന്നും പ്രതീക്ഷിക്കരുത്.
വിദേശ വിദ്യാഭ്യാസവും അതോടൊപ്പം മറനീക്കുന്ന അനുബന്ധ യാഥാർത്ഥ്യങ്ങളും
ഇനി മുൻപ് പറഞ്ഞ കാര്യങ്ങളിലേക്കൊരു മടക്കയാത്ര പോകാം, രാജ്യാന്തര എജൻസിയായ (ഒ.ഇ.സി.ഡി) അഥവാ Organisation for Economic Co-operation and Development വളരെ സമീപ കാലത്തു നൽകിയ റിപ്പോര്ട്ട് പ്രകാരം കാനഡ പോലുള്ള വികസിത രാജ്യങ്ങളില്‍ പഠനത്തിനെത്തുന്ന ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കാനഡയിൽ തന്നെ സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. ഇന്ത്യന്‍ വിദ്യാർത്ഥികളില്‍ 71 % വും കാനഡയിൽ തന്നെ തുടരുകയാണ്. അതേ സമയം ചൈനക്കാരായ വിദ്യാർത്ഥികളെല്ലാം നാട്ടിലേക്കു മടങ്ങി. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ വ്യത്യസ്തമായ സമീപനമാണ്. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാർത്ഥി/വിദ്യാർത്ഥിനികള്‍ കാനഡയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനം നടത്തുന്നുണ്ട്. പഠനത്തിനും ഉപരിപഠനത്തിനും മറ്റും വളരെ സുസജ്ജമായ കാമ്പസുകളും ലബോറട്ടറി സൌകര്യങ്ങളും കാനഡയില്‍ ഉണ്ട്. അവിടെ പഠനം പൂർത്തി യാക്കുന്നവർക്ക് കാനഡയിൽ തന്നെ ശോഭനമായ ഭാവിയും ഉന്നത ജീവിത നിലവാരവും ഉറപ്പാക്കാം. “ഇൻെറകര്‍ നാഷണല്‍ മൈഗ്രേഷന്‍ ഔട്ട്‌ലുക്ക് 2022 “ എന്ന പഠന റിപ്പോർട്ട് കണ്ടെത്തിയ വിവരങ്ങള്‍ ശ്രദ്ധേയമാണ്.കമ്മ്യൂണിസ്റ്റ് ചൈനയിലുള്ള വിദ്യാർത്ഥി/വിദ്യാർത്ഥിനികള്‍ സമർത്ഥരാണ്, ഒപ്പം ദേശസ്നേഹികളും. കാനഡ പോലുള്ള വികസിത രാജ്യങ്ങളില്‍ പഠനത്തിനെത്തുന്ന വിദ്യാർത്ഥി കളില്‍ ഭൂരി ഭാഗവും ചൈനീസ് ആണ്, ഇന്ത്യക്കാരായ വിദ്യാർത്ഥികള്‍ രണ്ടാം സ്ഥാനത്താണ്. പഠനം പൂർത്തി യാക്കിയ ശേഷം കാനഡയിൽ തന്നെ ജോലി കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാര്‍. വികസിത രാജ്യങ്ങളായ കാനഡ,ജർമ്മനി,ആസ്ട്രേലിയ,ന്യൂസിലാണ്ട്, യു.കെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടങ്ങളിലെ യൂണിവേഴ്സിറ്റികളിലും മറ്റും വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാർത്ഥികള്‍ പഠനം പൂർത്തി യാക്കിയാല്‍ ജന്മനാടായ ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്പര്യമില്ലാതെ അവിടെത്തന്നെ നല്ലൊരു ഭാവിയും ജീവിതവും കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ ഏർപ്പെടുന്നു. കാനഡയില്‍ 2015 ല്‍ പഠിക്കാനെത്തിയ ഇന്ത്യക്കാരില്‍ 71 % പേർക്കും അവിടെ വർക്കിം ഗ് പെർമിറ്റ് കിട്ടി. എന്നാല്‍ വെറും 18% ചൈനക്കാര്‍ മാത്രമാണ് വർക്കിം ഗ് പെർമിറ്റ് നേടിയത്.
.
എച്ച്1ബി വിസയും അമേരിക്കന്‍ സ്ഥിതിവിവരങ്ങളും
അമേരിക്കയിലെ കാര്യമാണെങ്കില്‍ അല്പം കൂടി വ്യത്യസ്തമാണ്, യുഎസില്‍ പഠനത്തിനെത്തുന്നവര്‍ ജോലിയില്‍ തുടരാനുള്ള എച്1ബി വിസ സ്വന്തമാക്കുന്നതും എണ്ണത്തില്‍ വർദ്ധ നവുണ്ടായ കാര്യമാണ്.ഇത് സംബന്ധമായി 2010 ലെ കാര്യം പരിശോധിച്ചാല്‍ 40% ഇന്ത്യന്‍ വിദ്യാർത്ഥി കള്‍ക്ക് മാത്രമാണ് എച്ച്1ബി വിസ കരസ്ഥമാക്കാന്‍ കഴിഞ്ഞത്.2019ല്‍ ഈ സ്ഥിതിവിശേഷം പിന്നേയും 20% വർദ്ധിചു.2019ല്‍ എച്ച്1ബി വിസ കരസ്ഥമാക്കിയ വിദ്യാർത്ഥി കള്‍ 60% ആയി.പക്ഷെ ഒരു അപവാദമുണ്ട് 2015 ല്‍ ചൈനീസ് വിദ്യാർത്ഥി കളില്‍ 31% തൊഴില്‍ വിസ നേടിയിരുന്നു,എന്നാല്‍ 2019 ആയപ്പോഴേക്കും ഇതു 23% എന്ന നിലയിലേക്ക് കുറഞ്ഞു.
സ്വന്തം സാംസ്‌കാരിക പൈതൃകത്തില്‍ ഊറ്റം കൊള്ളുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്ത്, പ്രത്യേകിച്ചും കേരളത്തിലെ മാതാപിതാക്കള്‍ കാലം വളരെ മാറിയതിന്റെത പ്രത്യേകതകള്‍ മനസ്സിലാക്കണം. സ്വന്തം മക്കളില്‍ നിന്ന് അധികം പ്രതീക്ഷിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ബുദ്ധിയല്ല, അവർക്കു നല്ല വിദ്യാഭ്യാസം കൊടുക്കണം, അവരുടെ മനസിൻെറ തുടിപ്പും മിടിപ്പും തിരിച്ചറിയണം, അവര്‍ ന്യൂ ജെന്‍ തലമുറയാണ്, അവര്‍ പറയും “ഒരിക്കലും നിങ്ങള്‍ പ്രതീക്ഷിക്കാത്തതുതന്നെ”, അവര്‍ പറന്നോട്ടെ, സ്വാതന്ത്ര്യത്തിൻെറ അനന്ത വിഹായസില്‍ സ്വന്തം ചിറകില്‍, സ്വന്തം തീരുമാനങ്ങളോടെ, അനുഗ്രഹിക്കുക.