’20 മിനിറ്റ് സിറ്റി’യാകാന്‍ ഒരുങ്ങി ദുബായ്
20 മിനിറ്റ് സിറ്റി’യാകാന്‍ ഒരുങ്ങി ദുബായ്. ആവശ്യമുള്ള സേവനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ലഭ്യമാകുന്ന ’20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് ദുബായ് ഗതാഗത വകുപ്പിന്റെ അംഗീകാരം. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ)യിലെ തന്ത്രപരമായ ആസൂത്രണത്തിനും കോര്‍പറേറ്റ് പരിവര്‍ത്തനത്തിനുള്ള ഉന്നത സമിതിയാണ് 2024-2030 കാലത്തേക്കുള്ള സ്ട്രാറ്റജിക് പ്ലാന്‍ അംഗീകരിച്ചത്.
സംയോജിതവും നൂതനവുമായ ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് പ്ലാന്‍ മുന്‍ഗണന നല്‍കുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യത്തില്‍ നടന്നും സൈക്കിളിലും എത്താവുന്ന ദൂരത്തില്‍ 80 ശതമാനം സേവനങ്ങള്‍ ലഭ്യമാക്കുക, ഗതാഗതസൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക, മള്‍ട്ടി-മോഡല്‍ ഗതാഗതത്തിൻെറ മികച്ച സംയോജനം, ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കുക, സ്മാര്‍ട്ട് പദ്ധതികള്‍ നടപ്പാക്കുക എന്നിവക്കാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. ആര്‍.ടി.എ ബോര്‍ഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായറാണ് ഉന്നത സമിതിയുടെ അധ്യക്ഷന്‍.
ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദുബായ് അര്‍ബന്‍ പ്ലാന്‍ 2040, ദുബായ് പ്ലാന്‍ 2030, ദുബായ് ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍, യു.എ.ഇ ഗവണ്‍മെന്റ് വിഷന്‍, ‘ഞങ്ങള്‍ യു.എ.ഇ 2031’ എന്നിവയുമായി സംയോജിപ്പിച്ചാണ് ആര്‍.ടി.എ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം 2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന ലക്ഷ്യത്തിനനുസരിച്ച് ‘സീറോ-എമിഷന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍ ദുബൈ 2050’ എന്ന നയത്തിനും ആര്‍.ടി.എ രൂപം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 2040ഓടെ എമിറേറ്റിലെ 100 ശതമാനം ടാക്‌സികളും ലിമോസിനുകളും ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങളാക്കി മാറ്റാനും 2050ഓടെ പൊതുഗതാഗത ബസുകള്‍ മുഴുവന്‍ ഇലക്ട്രിക്, ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്നതാക്കാനും ആര്‍.ടി.എ ലക്ഷ്യമിടുന്നുണ്ട്.