ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കം. വാരാന്ത്യ നറുക്കെടുപ്പില്‍ നാലെണ്ണം ഇന്ത്യക്കാര്‍ വിജയികളായപ്പോള്‍ അതില്‍ മൂന്നും മലയാളികളാണ്. ദുബായില്‍ ഐ ടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന അജയ് വിജയന്‍ (41), ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മുജീബ് പാക്യാര (33), അജ്മാനില്‍ ജോലി ചെയ്ത് വരുന്ന ഫിറോസ് കുഞ്ഞുമോന്‍ (40) എന്നിവരെയാണ് ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം അനുഗ്രഹിച്ചത്.മുംബൈ സ്വദേശിയും ഷാര്‍ജയില്‍ പ്രോജക്ട് മാനേജരുമായ മുഹമ്മദ് അസ്ഹറുല്‍ (54) ആണ് ബിഗ് ടിക്കറ്റില്‍ വിജയം നേടിയ നാലാമന്‍. 100,000 ദിര്‍ഹം വീതമാണ് നാല് പേരും നേടിയത്. അതായത് 22.6 ലക്ഷം ഇന്ത്യന്‍ രൂപയാണ് നാല് പേര്‍ക്കും ലഭിക്കുക.

തൻെറ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ് അജയ്. സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിജയിയായി എന്ന് അറിയിച്ചപ്പോള്‍ തന്നെ നാട്ടിലുള്ള മാതാപിതാക്കളെയും ഭാര്യയെയും വിവരം അറിയിച്ചതായും അജയ് പറഞ്ഞു. വിവരം അറിഞ്ഞ് അവരെല്ലാം സന്തോഷത്തിലാണ്. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് പ്രത്യേക പദ്ധതിയൊന്നുമില്ലെന്നും ഈ പണം തൻെറ കുട്ടികളുടെ ഭാവിയ്ക്ക് വേണ്ടി നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അജയ് വിജയന്‍ പറഞ്ഞു.

ഷാര്‍ജയില്‍ ഒരു കഫ്റ്റീരിയയില്‍ വെയിറ്ററായി ജോലി ചെയ്യുന്ന മുജീബ് പാക്യാരയാണ് ഭാഗ്യം തേടിയെത്തിയ രണ്ടാമന്‍. രണ്ട് വര്‍ഷമായി ഏഴ് റൂംമേറ്റ്‌സിനൊപ്പം ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ് മുജീബ്. നറുക്കെടുപ്പില്‍ ഭാഗ്യം ലഭിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും ഉചിത സമയത്താണ് ഭാഗ്യം തേടിയെത്തിയതെന്നും മുജീബ് പറഞ്ഞു. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലാണ്.  പിറക്കാനിരിക്കുന്ന കുഞ്ഞിൻെറ ഭാഗ്യമായാണ് താനിതിനെ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അജ്മാനിലെ ഡ്രൈവറായ ഫിറോസ് കുഞ്ഞുമോനാണ് മൂന്നാമത്തെ വിജയി. ഏഴും അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ പിതാവാണ് ഫിറോസ്.കഴിഞ്ഞ 10 വര്‍ഷമായി ഒരു മാസം പോലും മുടങ്ങാതെ സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ് അദ്ദേഹം. സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നും തൻെറ പങ്ക് നാട്ടിലേക്ക് അയച്ച് കൊടുക്കുമെന്നും ഫിറോസ് പറഞ്ഞു.

2009 മുതല്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നയാളാണ് മുംബൈ സ്വദേശി മുഹമ്മദ് അസ്ഹറുല്‍. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ ബിഗ് ടിക്കറ്റ് കടാക്ഷിക്കുന്നത്. 2017 ല്‍ 40000 ദിര്‍ഹത്തിൻെറ സമ്മാനവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. മകളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പണം നിക്ഷേപിക്കുമെന്നാണ് അസ്ഹറുല്‍ പറയുന്നത്. കമ്പ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന മകളുടെ പഠനത്തിനായി ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നതിനിടെയാണ് അസ്ഹറുലിന് സമ്മാനം ലഭിച്ചിരിക്കുന്നത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.