കഴിഞ്ഞ 6 മാസത്തിൽ ദുബായിലേക്ക് ഒഴുകിയെത്തിയത് 8.55 ദശലക്ഷം വിദേശികള്‍
ലോക ടൂറിസത്തിൻെറ ശ്രദ്ധാ കേന്ദ്രമായി ദുബായ് മാറിയതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോർഡ് വർധനവ്. 2023-ലെ ആദ്യ ആറ് മാസങ്ങളിൽ 8.55 ദശലക്ഷം അന്തർദ്ദേശീയ സന്ദർശകരാണ് ദുബായില്‍ എത്തിയത്. കോവിഡിന് മുമ്പ് 2019 ല്‍ ഇത് 8.36 ദശലക്ഷമായിരുന്നു. ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് നഗരം ക്രമാനുഗതമായി മുന്നേറുകയാണെന്നാണ് ദുബായിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ശരാശരി ഹോട്ടൽ ബുക്കിങ് 78 ശതമാനമാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. മറ്റ് പട്ടണങ്ങളൊന്നും ഈ നിരക്കിന് അടുത്തെങ്ങുമില്ല. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ ഈ റെക്കോർഡ് വർധനവ്, കോവിഡിന് ശേഷം ആഗോളതലത്തിൽ അതിവേഗം വീണ്ടെടുക്കുന്ന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയാണ്. കൂടാതെ ഈ വർഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് 80-95 ശതമാനം വരെ എത്തുമെന്ന് യുഎൻ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ പ്രവചിച്ചിരുന്നു. ഇതിനേക്കാള്‍ വലിയ വർധനവാണ് നിലവില്‍ തന്നെയുണ്ടായിരിക്കുന്നത്.
2023 ൻെറ ആദ്യ പകുതിയിൽ ദുബായ് സാക്ഷ്യം വഹിച്ച അന്താരാഷ്‌ട്ര സന്ദർശകരുടെ ശ്രദ്ധേയമായ കുതിപ്പ് ലോകമെമ്പാടുമുള്ള ടൂറിസം മേഖലയിൽ മാത്രമല്ല, വിശാലമായ ആഗോള സാമ്പത്തിക ഭൂപ്രകൃതിയിലും ഏറ്റവും തിളക്കമുള്ള സ്ഥലങ്ങളിൽ ഒന്നായി ദുബായി മാറുന്നുവെന്ന് വ്യക്തമാക്കുന്നു . ദുബായ് ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് ഈ നേട്ടം സാധ്യമാക്കിയത്, അവരുടെ കാഴ്ചപ്പാടും വിവേകപൂർണ്ണമായ നയങ്ങളും ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ മറ്റ് വിപണികളേക്കാൾ വേഗത്തിൽ തിരിച്ചുവരാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു.
അന്താരാഷ്ട്ര സന്ദർശനത്തിൻെറ വളർച്ച ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ ഉയർച്ചയെ ശക്തിപ്പെടുത്തുമ്പോൾ, വ്യാപാരം, നിക്ഷേപം, സംരംഭം എന്നിവയുടെ ഒരു സുപ്രധാന കേന്ദ്രമെന്ന പദവിയും ഞങ്ങള്‍ക്കുണ്ടെന്ന് ഭരണാധികാരികൾ അവകാശപ്പെടുന്നു.
2023 ൻെറ ആദ്യ പകുതിയിൽ, പടിഞ്ഞാറൻ യൂറോപ്പ് മേഖലയില്‍ നിന്നുള്ളവരുടെ ഒഴുക്കാണ് ദുബായിലേക്കുണ്ടായത്. ഇത് ദുബായിലെത്തിയ മൊത്തം അന്താരാഷ്ട്ര സന്ദർശകരുടെ 20 ശതമാനമാണ്. ജിസിസി, മിഡില്‍ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി 28 ശതമാനും പേരുമെത്തി. മൊത്തം സന്ദർശനത്തിൻെറ 17 ശതമാനം ദക്ഷിണേഷ്യയില്‍ നിന്നാണ് . റഷ്യ, സിഐഎസ്, കിഴക്കൻ യൂറോപ്പ് എന്നിവ ചേർന്ന് 14 ശതമാനം സംഭാവന നൽകി. വടക്കേ ഏഷ്യയും തെക്കുകിഴക്കൻ ഏഷ്യയും 8 ശതമാനവും അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവ യഥാക്രമം 7 ശതമാനവും 4 ശതമാനവും 2 ശതമാനവും സംഭാവന ചെയ്തു. ഇതോടൊപ്പം തന്നെ താമസസ്ഥലം, ശരാശരി പ്രതിദിന നിരക്ക് (എഡിആർ), ലഭ്യമായ ഓരോ മുറിയുടെയും വരുമാനം , താമസത്തി ൻെറ ദൈർഘ്യം എന്നിവയുൾപ്പെടെ എല്ലാ മെട്രിക്കുകളിലും ദുബായിലെ ഹോട്ടലുകൾ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തെ മറികടന്നു. ഈ മേഖലയിലേക്കുള്ള തുടർച്ചയായ ആഭ്യന്തര, അന്തർദേശീയ നിക്ഷേപം ഹോട്ടൽ സേവനം കൂടുതൽ വർദ്ധിപ്പിച്ചു.