യു.പി.ഐ ഇടപാടുകൾക്ക് മാറ്റം വരുന്നു
യൂണിഫൈഡ് പേയ്മെന്റ് സംവിധാനത്തില്‍ പുതിയ മാറ്റം വരുന്നു. വ്യക്തികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഗൂഗ്ള്‍ പേയും ഫോണ്‍ പേയും അടക്കമുള്ള യുപിഐ ട്രാന്സാക്ഷന് ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളിയാവും.
യുപിഐ പ്ലഗിന് എന്നോ അല്ലെങ്കില്‍ മര്‍ച്ചന്റ് സോഫ്റ്റ്വെയര് ഡെവലപ്മെന്റ് കിറ്റ് എന്നോ വിളിക്കാവുന്ന സംവിധാനമാണ് പുതുതായി വരുന്നത്. ഇതിലൂടെ വ്യാപാരികള്‍ക്ക് ഒരു വിര്‍ച്വല്‍ പേയ്മെന്റ് അഡ്രസ് സൃഷ്ടിക്കാനും പ്രത്യേക പേയ്മെന്റ് ആപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാതെ ഈ അഡ്രസ് ഉപയോഗിച്ച് ഉപയോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനും സാധിക്കും. നിലവിലുള്ളതിനേക്കാള്‍ അല്‍പ്പം കൂടി വേഗത്തിലും, മൊബൈല്‍ ഫോണില്‍ ഒരു പേയ്മെന്റ് ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യാതെയും യുപിഐ ഇടപാടുകളിലൂടെ പണം നല്‍കാനാകും.
അതായത്, ഒരു സാധനം ഓർഡർ ചെയ്യുമ്പോൾ പണം നല്‍കാനായി യുപിഐ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാതെ യുപിഐ ഇടപാടും നടത്തുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ ഇടപാടുകളുടെ വിജയ സാധ്യത ഏതാണ്ട് 15 ശതമാനത്തിലധികം വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.