ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് റെയില്‍വെ, കപ്പല്‍ പാതകള്‍

ഇന്ത്യയില്‍ നിന്ന് യു.എ.ഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്ക് പുതിയ പാത വരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ന്യൂഡല്‍ഹിയില്‍ നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ജി20 ഉച്ചകോടിയുടെ ഭാഗമായി സൗദിയുടെയും യു.എ.ഇയുടെയും നേതാക്കള്‍ ന്യൂഡല്‍ഹിയിലെത്തുന്ന വേളയിലാണ് ചര്‍ച്ചകള്‍ നടക്കുക.

അമേരിക്കയാണ് പുതിയ പാതയ്ക്ക് മുന്‍കൈ എടുക്കുന്നത് എന്നതാണ് എടുത്തുപറയേണ്ടത്. മേഖലയില്‍ ചൈന ചെലുത്തുന്ന സ്വാധീനം കുറയ്ക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഗള്‍ഫിലെ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാന്‍ അമേരിക്ക കഴിഞ്ഞ ഒരു വര്‍ഷമായി ശ്രമിച്ചുവരികയാണ്.

ഗള്‍ഫിലെ ആറ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് റെയില്‍വെ ശൃംഖലയാണ് നിര്‍മിക്കുക. ഗള്‍ഫിലെ തുറമുഖങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കപ്പല്‍ പാത ഒരുക്കുകയും ചെയ്യും. ജി.സി.സി രാജ്യങ്ങളില്‍ നിന്ന് റെയില്‍വെ ശൃംഖല പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും ഭാവിയില്‍ നീട്ടും. സൗദി അറേബ്യയും ഇസ്രായേലും ബന്ധം സ്ഥാപിച്ചാല്‍ ഇസ്രായേലിലേക്കും പാത നീളും. അതുവഴി യൂറോപ്പിലേക്കും .

ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ ബന്ധം സ്ഥാപിക്കുക എന്നത് പദ്ധതിയുടെ മുന്നോട്ട് പോക്കിന് നിര്‍ണായകമാണ്. അമേരിക്ക ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൗദി അറേബ്യ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ നിലവില്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ജിസിസി-ഇന്ത്യ പാതയാകും പ്രധാന ചര്‍ച്ച. യു.എ.ഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബഹ്‌റൈനുമായും ഇസ്രായേലിന് ബന്ധമുണ്ട്. സൗദി അറേബ്യ കൂടി ഈ ഗണത്തിലേക്ക് വരണം എന്നാണ് അമേരിക്കയുടെ താല്‍പ്പര്യം. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ മെയ് മാസത്തില്‍ സൗദിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇതില്‍ ഭാഗമായി. സൗദി, യു.എ.ഇ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് പുതിയ പാതയ്ക്ക് വേണ്ടിയുള്ള ചര്‍ച്ച നടത്തുന്നത്. അമേരിക്കയും ഇന്ത്യയും പശ്ചാത്തല സൗകര്യം ഒരുക്കാന്‍ വഴിയൊരുക്കും. പാകിസ്താന്‍ വഴി ചൈന പുതിയ കടല്‍പാത ഗള്‍ഫിലേക്ക് തുറക്കാനുള്ള ഒരുക്കത്തിലാണ്. ഇത് യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് അമേരിക്കയുടെ നീക്കം.

ഇന്ത്യ, ഇസ്രായേല്‍, യുഎസ്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മറ്റൊരു കൂട്ടായ്മയാണ് പുതിയ പാതയുടെ ചര്‍ച്ചയ്ക്ക് രണ്ട് വര്‍ഷം മുമ്പ് തുടക്കമിട്ടത്. അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ജി20 ഉച്ചകോടിക്കിടെ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.