3000 തൊഴില്‍ അവസരങ്ങള്‍: മാറുന്ന കാലത്തിന് മുമ്പെ കുതിക്കാന്‍ ദുബായ്
ഐ.ടി രംഗത്ത് കൂടുതല്‍ നിക്ഷേപവുമായി ദുബായ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ), വെബ്3.0 തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകൾക്കായി ദുബായ് പുതിയ കാമ്പസ് തന്നെ സ്ഥാപിക്കുമെന്നാണ് ഭരണാധികാരികള്‍ അറിയിക്കുന്നത്. ഇവിടേക്ക് 500-ലധികം കമ്പനികളെ ആകർഷിക്കുമെന്നും 2028 ഓടെ നഗരത്തിൽ 3,000-ത്തിലധികം തൊഴിലവസരങ്ങൾ ഈ കാമ്പസ് മുഖേനെ സൃഷ്ടിക്കുമെന്നാണ് ദുബായിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
പുതിയ സംരംഭത്തിന് ദുബായ് ഭരണ കൂടത്തിൻെറ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് ദുബായ് ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻറർ (ഡി.ഐ.എഫ്.സി) ഇന്നൊവേഷൻ ഹബ്ബിൻെറ സി.ഇ.ഒ മുഹമ്മദ് അൽബ്ലൂഷി വ്യക്തമാക്കുന്നത്. അത്യാധുനിക ഫിസിക്കൽ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രദാനം ചെയ്യുന്ന കാമ്പസായിരിക്കും പുത്തന്‍ സാങ്കേതിക വിദ്യയ്ക്കായി നടപ്പിലാക്കുകയെന്നും അദ്ദേഹം പറയുന്നു.
4,900-ലധികം രജിസ്റ്റർ ചെയ്ത കമ്പനികളിലായി പ്രവർത്തിക്കുന്ന 39,000 പ്രൊഫഷണലുകളുടെ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ആവാസവ്യവസ്ഥയാണ് ദുബായ് ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻറർ. ഈ ആഴ്ച സ്ഥാപനം 10 പ്രാദേശിക, ആഗോള സ്റ്റാർട്ടപ്പുകളുടെ ആദ്യ കൂട്ടായ്മ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദുബായ് എ.ഐ, വെബ്ബ് 3.0 ക്യാമ്പസ് എന്നിവ സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികൾക്ക് തിരഞ്ഞെടുക്കാനുള്ള ബിസിനസ്സ് ലക്ഷ്യസ്ഥാനമായി മാറുന്നതിനും മേഖലയിലേക്ക് കൂടുതൽ വൈവിധ്യമാർന്ന നിക്ഷേപകരെ ആകർഷിക്കുന്നതിനുമുള്ള ഭരണകൂടത്തിൻെറ കാഴ്ചപ്പാടിന് അനുസൃതമാണ്. കമ്പനികൾക്ക് ലൈസൻസ് നൽകിത്തുടങ്ങിയിട്ടുണ്ടെന്നും വരും മാസങ്ങളിൽ യഥാർത്ഥ കാമ്പസ് കൈമാറുമെന്നും അൽബ്ലൂഷി വെളിപ്പെടുത്തി. “ലൈസൻസുകൾ നൽകുന്നത് ദുബായ് ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻറർ (DIFC) ആണ്, ഇത് നിലവിൽ ഡി.ഐ.എഫ്.സി ഇന്നൊവേഷൻ ഹബ്ബിൽ സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നവരുടെയും സ്റ്റാർട്ടപ്പുകളുടെയും ഒരു സ്ഥാപിത ഇക്കോസിസ്റ്റത്തിന് ആസ്ഥാനമാണ്-അദ്ദേഹം പറഞ്ഞു.
അതേസമയം, അടുത്ത 12 മാസത്തിനുള്ളിൽ 80 ശതമാനം ഐ.ടി കമ്പനികളും കൂടുതൽ നിയമനങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നാണ് എക്വിനിക്സ് ഗ്ലോബൽ ടെക് ട്രെൻഡ്സ് സർവ്വേ കഴിഞ്ഞ മാസം വ്യക്തമാക്കിയത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ. ഐ) സംവിധാനങ്ങളുടെയും ജനറേറ്റീവ് എ.ഐയുടെയും ഉയർച്ചയുൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ പുരോഗതി ഐ .ടി സംവിധാനങ്ങളുടെ ആവശ്യകത വർധിപ്പിക്കുകയും ഐ.ടി മേഖലയിൽ തൊഴിലുകൾ ഉയരാൻ കാരണമാവുകയും ചെയ്തുവെന്ന് സർവ്വേ പറയുന്നു. ആഗോള തലത്തിൽ ഐ.ടി കമ്പനികളിൽ വലിയ രീതിയിലാണ് നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എ.ഐ അനുബന്ധ മേഖലയിൽ. എന്നിരുന്നാലും ഹാർഡ് വെയർ എഞ്ചിനിയറിംഗ്, ഡാറ്റ അനാലിസിസ് എന്നീ മേഖലകളിൽ ഡിമാൻറ് കുറഞ്ഞു. ബാക്കെൻഡ് ഓപ്പറേഷനിൽ നിന്ന് ബിസിനസിൻെറ വിജയം നിർണയിക്കുന്നതിലെ സുപ്രധാന ഘടകമായും ഐ.ടി മേഖല മാറിയിട്ടുണ്ട്.