പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യു. എ. ഇ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഇന്ത്യൻ തൊഴിലാളികൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യു. എ .ഇ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ജോലിക്കിടേയുള്ള അപകടങ്ങൾ മൂലമോ സ്വാഭാവിക കാരണങ്ങളാലോ ജീവനക്കാരൻ മരിക്കുകയാണെങ്കിൽ അവരുടെ കുടുംബങ്ങൾക്ക് 75000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. അതായത് 16 ലക്ഷം രൂപവരെ നഷ്ടപരിഹാരമായി ലഭിക്കും.

ലൈഫ് പ്രൊട്ടക്ഷൻ പ്ലാൻ (എൽപിപി) എന്ന് വിളിക്കപ്പെടുന്ന പദ്ധതി മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്  അറിയിച്ചു. യു. എ. ഇയിലെ 2.27 ദശലക്ഷം ബ്ലൂകോളർ തൊഴിലാളികൾക്ക് തൊഴിൽ ആനുകൂല്യങ്ങൾ നികത്തുന്നതിന് ഒരുമിച്ച് തയ്യാറാക്കിയ നയമാണ് എൽ. പി .പിയെന്നും കോൺസുലേറ്റ് അറിയിച്ചു.
പല കമ്പനികളും ആരോഗ്യ ഇൻഷുറൻസും ജോലി സംബന്ധമായ പരിക്കുകൾക്കും മരണങ്ങൾക്കും നഷ്ടപരിഹാരം നൽകുമ്പോൾ, ജീവനക്കാരുടെ സ്വാഭാവിക മരണങ്ങളിൽ നിർബന്ധിത പരിരക്ഷ നൽകുന്നില്ല. ഇതോടെ പല തൊഴിലാളികളുടെ കുടുംബങ്ങളും പ്രവാസി മരണപ്പെട്ടാൽ സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ചിലവ് പോലും കണ്ടെത്താനാകെ വിഷമിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.

വാർഷിക പ്രീമിയവും ആനുകൂല്യങ്ങളും

ഈ പ്രശ്നം പരിഹരിക്കുന്നതിനാണ്, ബ്ലൂ കോളർ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ യു.എ.ഇ കമ്പനികളും രണ്ട് ഇൻഷുറൻസ് സേവന ദാതാക്കളുമായി ചേർന്നുള്ള ഇന്‍ഷൂറന്‍സ് പദ്ധതിക്ക് ഇന്ത്യൻ കോൺസുലേറ്റ് മുന്‍കൈ എടുത്തത്. 18 നും 70 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് 37 ദിർഹം മുതൽ 72 ദിർഹം വരെയുള്ള വാർഷിക പ്രീമിയങ്ങളിൽ ഇൻഷുറൻസ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അപകടം മൂലമോ സ്വാഭാവിക കാരണങ്ങളാലോ ഒരു തൊഴിലാളി മരിക്കുകയാണെങ്കിൽ, തിരഞ്ഞെടുത്ത പ്രീമിയം അനുസരിച്ച് ഗുണഭോക്താക്കൾക്ക് 35,000 ദിർഹം മുതൽ 75,000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കും. ഇൻഷ്വർ ചെയ്ത ജീവനക്കാരൻെറ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹം കവറേജും പ്ലാൻ നൽകുന്നു.

72 ദിർഹം വാർഷിക പ്രീമിയമുള്ള പോളിസിക്ക് 75,000 ദിർഹമാണ് നഷ്ടപരിഹാരമായി ലഭിക്കുക. പ്രതിവർഷം 50 ദിർഹത്തിന്, ഇത് 50,000 ദിർഹമാണ് 37 ദിർഹത്തിന് ഇത് 35,000 ദിർഹവുമാണ്. ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാർ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. ഇതില്‍ ഏകദേശം 65 ശതമാനം ബ്ലൂ കോളർ തൊഴിലാളികളാണെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.  ഒരു വർഷത്തിനുള്ളിൽ തൊഴിലാളികളുടെ ധാരാളം സ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്ത് മരിച്ചയാളുടെ കുടുംബത്തിന് ചില സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതിന് ഇന്ത്യൻ കോൺസുലേറ്റ് എല്ലാ കമ്പനികളെയും പദ്ധതികളുടെ ഭാഗമാക്കുന്നുണ്ട്.

2022-ൽ ദുബായിൽ 1750 ഇന്ത്യക്കാരുടെ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 1,100 പേർ തൊഴിലാളികളാണ്. 2023-ലും സമാനമായ പ്രവണതയുണ്ട്. ഇക്കാലയളവില്‍ മൊത്തം 1,513-ൽ 1,000 തൊഴിലാളികൾ മരിച്ചു. ഇതിൽ 90 ശതമാനത്തിലധികം മരണങ്ങളും സ്വാഭാവിക കാരണങ്ങളാലാണ് സംഭവിച്ചത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.