ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
ഐഫോൺ ഉപഭോക്താക്കൾക്ക് പ്രത്യേക മുന്നറിയിപ്പുമായി നിർമാതാക്കളായ ആപ്പിൾ. ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാർജ് ചെയ്യുന്ന ഫോണിനടുത്തു കിടന്നുറങ്ങുന്നതിനെക്കുറിച്ച് പ്രത്യേകം അപായ സൂചനയും നൽകിയിട്ടുണ്ട്.
ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ തീപിടിത്തം വൈദ്യുതാഘാതം (ഇലക്‌ട്രിക് ഷോക്ക്), പരുക്ക്/പൊള്ളൽ, ഫോണിനും വസ്തുവകകൾക്കും നാശനഷ്ടം എന്നിവയുണ്ടാകാം. ഇത് ഒഴിവാക്കാൻ, നല്ല വായു സഞ്ചാരമുള്ള ഇടങ്ങളിൽ വച്ചു മാത്രം ഫോൺ ചാർജ് ചെയ്യണമെന്നാണ് ഉപദേശിച്ചിരിക്കുന്നത്. ഐഫോൺ, പവർ അഡാപ്റ്റർ, വയർലെസ് ചാർജറുകൾ എന്നിവയ്ക്കെല്ലാം ഇതു ബാധകമാണ്.
ഒരു കാരണവശാലും തലയിണയുടെയോ പുതപ്പിന്‍റെയോ അടിയിൽ വച്ച് ഫോൺ ചാർജ് ചെയ്യരുത്. ചെയ്താൽ അമിതമായി ചൂടാകാൻ സാധ്യതയുണ്ട്.
അതുപോലെ, ആപ്പിളിന്‍റേതല്ലാത്ത അഡാപ്റ്ററുകളോ കേബിളുകളോ ഐഫോണിൽ ഉപയോഗിക്കാൻ പാടില്ലെന്നും എടുത്തുപറയുന്നു.
ഫോൺ ചാർജ് ചെയ്യുന്നതിനടുത്ത് വെള്ളമോ മറ്റ് ദ്രാവകങ്ങളോ ഈർപ്പമോ പാടില്ലെന്നതാണ് മറ്റൊരു നിർദേശം.