കുവൈത്ത് തീപിടുത്തം: മലയാളികളുടെ മരണ നിരക്ക് ഉയരുന്നു, 14 പേർ മരിച്ചു, 13 പേരെ തിരിച്ചറിഞ്ഞു

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. ആകെ 14 മലയാളികളാണ് മരിച്ചതെന്നാണ് വിവരം. ഇവരില്‍ ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 49 പേരാണ് തീപിടുത്തതില്‍ ആകെ മരിച്ചത്. ഇതില്‍ 21 പേരും ഇന്ത്യക്കാരാണ്. മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന എൻ.ബി.ടി.സി കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന മംഗഫ് ബ്ലോക്ക് നാലിലാണ് തീപിടുത്തമുണ്ടായത്. മലയാളികള്‍ അടക്കമുള്ള വിദേശ തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന ഏരിയയാണ് ഇത്. ആകെ 195 പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്. കെട്ടിടത്തിൻെറ താഴത്തെ നിലയില്‍ പാചകശാല പ്രവർത്തിച്ചിരുന്നു. ഇവിടെ നിന്നും ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു തീപിടിത്തമുണ്ടായതാണ് അപകട കാരണം.

പുലർച്ചെ നാല് മണിയോടൊയായിരുന്നു അപകടം എന്നതിനാല്‍ തന്നെ പലരും ഉറക്കത്തിലായിരുന്നു. ഇരുപതോളം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്. രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയവരും മരിച്ചവരിലുണ്ട്. കെട്ടിടത്തിന്‍റെ താഴെയുള്ള ഗ്രൗണ്ട് പാസേജ് അടച്ചതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

16 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ് പോയത്. ഇവർ ആരൊക്കെയെന്ന് തിരിച്ചറിയാന്‍ ഡി .എന്‍. എ പരിശോധന നടത്തേണ്ടി വരും. സ്ഥലം സന്ദർശിച്ച കുവൈത്ത് ആഭ്യന്തര വകുപ്പ് മന്ത്രി കെട്ടിട ഉടമയ്ക്കെതിരെ രൂക്ഷമായ വിമർശനമായിരുന്നു നടത്തിയത്. കെട്ടിട ഉടമയുടെ ആർത്തിയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൻെറ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം ചേർന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശ കാര്യ സഹമന്ത്രി  കുവൈത്തിലെത്തും. കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കുവൈറ്റ് വിദേശകാര്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മരണപ്പെട്ട മലയാളികള്‍
കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ്‌ (29). കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27).

കുവൈറ്റിലെ തീപ്പിടിത്തം: നോർക്ക ഹെൽപ്പ് ഡസ്ക് തുടങ്ങി

കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് തുടങ്ങി. നമ്പരുകൾ:- അനുപ് മങ്ങാട്ട് +965 90039594, ബിജോയ്‌ +965 66893942 ,റിച്ചി കെ ജോർജ് +965 60615153, അനിൽ കുമാർ +965 66015200 ,തോമസ് ശെൽവൻ +965 51714124, രഞ്ജിത്ത് +965 55575492, നവീൻ +965 99861103 ,അൻസാരി +965 60311882, ജിൻസ് തോമസ് +965 65589453, സുഗതൻ – +96 555464554, ജെ.സജീവ് – + 96599122984. ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി അറിയിച്ചു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.