മലേഷ്യയിലേക്ക് പോകാൻ ഇനി വിസ വേണ്ട

മലേഷ്യയിലേക്ക് പറക്കാനിരിക്കുന്നവരാണോ? എങ്കിൽ ഇതാ നിങ്ങളെ തേടിയൊരു സന്തോഷ വാർത്ത. ഇനി മുതൽ മലേഷ്യയിലേക്ക് പോകാൻ നിങ്ങൾക്ക് വിസ ആവശ്യമില്ല. ഇന്ത്യക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ കഴിയാം എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാജ്യം. ഡിസംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇന്ത്യക്കാർക്കൊപ്പം ചൈനക്കാർക്കും ഇളവ് ബാധകമാണ്. മലേഷ്യയിലേക്ക് എത്തുന്ന വിദേശസഞ്ചാരികളിൽ കൂടുതലും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ എത്രനാൾ വരെ ഈ ഇളവ് തുടരുമെന്ന് വ്യക്തമല്ല.
സന്ദർശകരുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണ്. സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ മലേഷ്യയിൽ 9.16 ദശലക്ഷം (91 ലക്ഷത്തോളം) വിനോദസഞ്ചാരികളാണ് എത്തിയത്. ഇതിൽ ചൈനയിൽ നിന്ന് 498,540 പേരും ഇന്ത്യയിൽ നിന്ന് 283,885 പേരും ഉൾപ്പെടുന്നു. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ്, 2019 ലെ ഇതേ കാലയളവിൽ ചൈനയിൽ നിന്ന് 1.5 ദശലക്ഷവും ഇന്ത്യയിൽ നിന്ന് 354,486 പേരും മലേഷ്യ സന്ദർശിച്ചിട്ടുണ്ട്.
അടുത്തിടെ വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് തായ്ലാന്റും വിസ രഹിത യാത്ര പ്രഖ്യാപിച്ചിരുന്നു. ചൈനക്കാർക്കും ഇന്ത്യക്കാർക്കുമായിരുന്നു ഇളവ് പ്രഖ്യാപിച്ചത്. ശ്രീലങ്കയും ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിച്ചിരുന്നു. അതേസമയം ഉടൻ തന്നെ വിയ്റ്റനാമും ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സമീപ കാലത്ത് വിയറ്റ്നാം സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിയറ്റ്നാം പുതിയ തീരുമാനത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചൈനക്കാർക്കും വിസ ഇളവ് നൽകിയേക്കും. നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്വീഡന്‍, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിസയില്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാം. 30 ദിവസത്തേക്കായിരിക്കും സാധുത. മെയ് 10 വരെയായിരിക്കും ഇളവ് ലഭിച്ചേക്കുക. ആവശ്യക്കാർ ഏറിയാൽ പദ്ധതി നീട്ടിയേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.