കേരളത്തിലേക്ക്   28 പ്രതിവാര സര്‍വീസുകളുമായി ഒമാന്‍ എയര്‍

വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാൻെറ  ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ 40 നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ ഈ വേനല്‍ക്കാലത്ത് സര്‍വീസ് നടത്തുക. മസ്‌കത്തില്‍ നിന്ന് ഫാര്‍ ഈസ്റ്റിലേക്കുള്ള ഒമാന്‍ എയറിൻെറ നേരിട്ടുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ബാങ്കോക്ക്, ക്വാലാലംപൂര്‍, ഫൂക്കറ്റ്, ജക്കാര്‍ത്ത, മനില എന്നിവയാണ് ഉള്ളത്. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ 12 ഇടങ്ങളിലേക്കാണ് ഒമാന്‍ എയര്‍ ഈ വേനല്‍ക്കാലത്ത് സര്‍വീസ് നടത്തുക. ചെന്നൈ, മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഗോവ, ലഖ്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലെ സര്‍വീസ്.

കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് 7, കൊച്ചി 14, തിരുവനന്തപുരം 7 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം. പ്രവാസി മലയാളികള്‍ ഏറെയുള്ള ഒമാനില്‍ എയര്‍ലൈനിൻെറ  നീക്കം ഏറെ ഗുണപ്രദമാകും .

പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളില്‍ മസ്‌കറ്റ് – സലാല റൂട്ടില്‍ പ്രതിവാരം ശരാശരി 24 വിമാനങ്ങളും മസ്‌കത്ത്- ഖസബ് റൂട്ടില്‍ പ്രതിവാര ശരാശരി 6 വിമാനങ്ങളും ഉള്‍പ്പെടുന്നുവെന്ന് കമ്പനി അറിയിച്ചു. ഗള്‍ഫ്, അറബ് വിമാന സര്‍വീസുകളില്‍ ദുബായ്, കുവൈത്ത്, ദോഹ, റിയാദ്, മദീന, ജിദ്ദ, ദമ്മാം, ബഹ്റൈന്‍, അമ്മാന്‍ എന്നിവ ഉള്‍പ്പെടുന്നു. ബംഗ്ലാദേശിലെ ധാക്ക, പാകിസ്ഥാനിലെ കറാച്ചി എന്നിവയാണ് ഏഷ്യയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍.

ലണ്ടന്‍, മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, മിലാന്‍, ഇസ്താംബുള്‍, ട്രാബ്‌സണ്‍, മോസ്‌കോ എന്നിവയുള്‍പ്പെടെ യൂറോപ്പിലേക്ക് ഒമാന്‍ എയര്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ വലിയ വര്‍ധനവാണ് ഒമാന്‍ എയര്‍ രേഖപ്പെടുത്തിയത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.