കൈവീശി സാധനം വാങ്ങാം; പുതിയ പേയ്‌മെൻറ് സംവിധാനവുമായി യു.എ.ഇ
കാര്‍ഡ് ട്രാന്‍സേഷനും ഓണ്‍ലൈന്‍ പേയ്‌മെൻറിനും പകരമായി കൈവീശി കൊണ്ട് പണം അടയ്ക്കാനുള്ള പദ്ധതിയുമായി യു.എ.ഇ. പാം പേ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഈ വര്‍ഷം തന്നെ വ്യാപിപ്പിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പായ ആസ്ട്ര ടെക്ക് ആണ് പുതിയ സാങ്കേതിക വിദ്യക്ക് പിന്നില്‍. ദുബായ് ഫിന്‍ടെക് ഉച്ചകോടിയില്‍ ഫിന്‍ടെക് സബ്സിഡിയറി പേബൈ വഴി കമ്പനി പേയ്മെൻറ് സൊല്യൂഷന്‍ അവതരിപ്പിച്ചു.
യു.എ.ഇയിലുടനീളമുള്ള സ്റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി കാര്‍ഡ് സൈപ്പ് ചെയ്യാതെ തന്നെ പണമടയ്ക്കാനുള്ള സംവിധാനമാണ് പാം പേ ഒരുക്കുന്നത്. ബയോമെട്രിക് രീതികള്‍ ഉപയോഗിച്ച് പേയ്മെൻറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന ഒരു കോണ്‍ടാക്റ്റ് ലെസ് പാം റെക്കഗ്‌നിഷന്‍ സേവനമാണ് പാം പേ. ഇടപാടുകള്‍ ആധികാരികമാക്കാന്‍ പേയ്മെൻറ് മെഷീനുകള്‍ ഉപഭോക്താക്കളുടെ പാം പ്രിൻറുകള്‍ ശേഖരിക്കും. ഭാവിയില്‍ ബാങ്കുകളുമായി ഈ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നത് കമ്പനി പര്യവേക്ഷണം ചെയ്യുകയാണെന്നും ഇത് ഉപഭോക്താക്കളെ അവരുടെ അക്കൗണ്ടുകള്‍ നേരിട്ട് ലിങ്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നുവെന്നും കമ്പനി പറയുന്നു.