പ്രൊഫഷനലുകളുടെ ശമ്പളത്തിൽ വര്‍ധനയുണ്ടാകും
2023ല്‍ പ്രൊഫഷനല്‍ മേഖലയില്‍ ജോലി ചെയ്യുന്നര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുമെന്ന് ഏണസ്റ്റ് & യങ് (ഇവൈ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 10.2% ശരാശരി ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാം. 2022ല്‍ 10.4% ശരാശരി വര്‍ധനവുണ്ടായി.
ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധനവുണ്ടാകുന്ന മൂന്ന് മേഖലകള്‍ ഇകൊമേഴ്സ് 12.5%, പ്രൊഫഷനല്‍ സേവനങ്ങള്‍ 11.9%, ഐടി മേഖല 10.8% എന്നിവയാണ്. 2022ല്‍ ഈ മേഖലകളില്‍ യഥാക്രമം 14.2%, 13%,11.6% എന്നിങ്ങനെയാണ് ശമ്പള വര്‍ധനവുണ്ടായത്. കൊഴിഞ്ഞുപോക്ക് 21.2 ശതമാനമായി കുറഞ്ഞു. സ്വമേധയാ പിരിഞ്ഞു പോകുന്നവരുടെ നിരക്ക് 16.8 ശതമാനവും അല്ലാതെ പോകുന്നവരുടെ നിരക്ക് 3.6 ശതമാനവുമാണ്.
പരിമിതമായ തൊഴില്‍ വളര്‍ച്ച സാധ്യതകള്‍, വേതനങ്ങളില്‍ അസമത്വം, അംഗീകാരത്തിന്റെ അഭാവം, ജോലിയില്‍ സ്തംഭനാവസ്ഥ തുടങ്ങിയവയാണ് സ്വമേധയാ പിരിഞ്ഞു പോകുന്നതിന്റെ കാരണങ്ങള്‍. കൊഴിഞ്ഞുപോക്ക് ഏറ്റവുമധികമുള്ള മേഖലകള്‍ ധനകാര്യ സേവനങ്ങള്‍ (28.3 %), ഇകൊമേഴ്സ് (27.7%), ടെക്നോളജി (22.1%) എന്നിവയാണ്. ഇത് ഏറ്റവും കുറവുള്ളത് ലോഹങ്ങളും ഖനനവും (8.2%), ഹോസ്പിറ്റാലിറ്റി (9.1%), വ്യോമയാന മേഖല (10.9%) എന്നിവയാണ്.
നിര്‍മിത ബുദ്ധി, ക്ലൗഡ് കംപ്യൂട്ടിങ് എന്നീ മേഖലകളിലുള്ള എന്‍ജിനീയര്‍മാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും കമ്പനികള്‍ നല്‍കുന്നുണ്ട്. ഇവര്‍ക്ക് ശരാശരിയേക്കാള്‍ 15-20% വേതനം കൂടുതല്‍ നല്‍കും. റിസ്ക് മോഡലിങ്, ഡേറ്റ ആര്‍ക്കിടെക്ച്ചര്‍, ബിസിനസ് അനലിറ്റിക്സ് എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് 20-25 % അധിക ശമ്പളം ലഭിക്കും.