യു.എ.ഇയിലെ കമ്പനികൾ ശമ്പള വർദ്ധനയ്ക്ക് ഒരുങ്ങുന്നു
യു.എ.ഇയിലെ കമ്പനികൾ ശമ്പള വർദ്ധനയ്ക്ക് ഒരുങ്ങുന്നു. കൂപ്പർ ഫിച്ച് പുറത്തിറക്കിയ സാലറി ഗൈഡിലാണ് ഈ വർഷം യു.എ.ഇയിലെ കമ്പനികൾ 4.5 ശതമാനം ശമ്പള വർദ്ധനവിന് ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നത്. മാത്രമല്ല സർവ്വേയിൽ പങ്കെടുത്ത 56 ശതമാനം കമ്പനികളും കൂടുതൽ പേരെ നിയമിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 9 ശതമാനം കമ്പനികൾ 5 ശതമാനവും, 10 ശതമാനം കമ്പനികൾ 6-9 ശതമാനവും 5 ശതമാനം കമ്പനികൾ 10 ശതമാനമോ അതിൽ കൂടുതലോ പേരെ നിയമിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട് .റിപ്പോർട്ട് പ്രകാരം മാനേജ്മെൻറ്, ലീഡർഷിപ്പ്, അനലറ്റിക്കൽ സ്കിൽ, പ്രൊജക്ട് മാനേജ്മെൻറ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, എഞ്ചിനീയറിംഗ്, സോഫ്റ്റ് വെയർ ഡെവലപ്മെൻറ്, സെയിൽസ്, ഫിനാൻസ്,ഡാറ്റ സയൻസ് എന്നീ മേഖലയിലാണ് വൈദഗ്ദ്യമുള്ളവരുടെ ക്ഷാമം നേരിടുന്നത്.
യു.എ.ഇയിൽ ഫിനാൻസ് മേഖലയിൽ മുതിർന്ന ഉദ്യോഗസ്ഥരേക്കാൾ മിഡിൽ-മാനേജ്മെൻറ് ലെവലിൽ ഉള്ളവർക്കാണ് ഡിമാൻറ് കൂടുതലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫിനാൻഷ്യൻ പ്ലാനിങ് ആൻറ് അനാലിസിസ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, കൊമേഷ്യൽ ഫിനാൻസ് മാനേജർ, ഗ്രൂപ്പ് ഫിനാൻഷ്യൽ കൺട്രോളർ, ഹെഡ് ഓഫ് ഫിനാൻസ് എന്നീ തസ്തികയിൽ ഉളളവർക്കും ഡിമാൻറ് കൂടുതലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഐ.ടി ആൻറ് ടെക്നോളജി
പ്രൊജക്ട് മാനേജർ, സോഫ്റ്റ് വെയർ ഡെവലപ്പർ, ചീഫ് ടെക്നോളജി ഓഫീസർ, ഐടി ഹെഡ് എന്നീ തസ്തികകളിലായിരിക്കും നിയമനം.
അഡ്മിനിസ്ട്രേറ്റീവ്, എച്ച് ആർ, ഓഫീസ് സപ്പോർട്ട്
എച്ച് ആർ ഡയറക്ടർ, ഹെഡ് ഓഫ് ടാലൻറ് മാനേജ്മെന്റ്, എച്ച്ആർ ജനറലിസ്റ്റ്, ടാലൻറ് അക്യുസിഷൻ മാനേജർ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ് എന്നീ തസ്തികകളിലായിരിക്കും ഈ മേഖലയിലെ നിയമനം.
ലീഗൽ സെക്ടർ
സീനിയർ ലീഗൽ അസോസിയേറ്റ്, സീനിയർ ലീഗൽ കൗൺസൽ, കോർപറേറ്റ് ലോയർ എന്നീ തസ്തികകളിലായിരിക്കും ഈ മേഖലയിൽ വരുന്ന ഒഴിവുകൾ
കമ്പനികളിൽ നടപ്പാക്കുന്ന ശമ്പള വർദ്ധനവ് യു .എ.ഇയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ വരവിന് ആക്കം കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല . നാട്ടിലെ തൊഴിലില്ലായ്മയും തൊഴിലിന് അനുസരിച്ചുള്ള വേതനമില്ലായ്മയും താങ്ങാൻ പറ്റാത്ത ജീവിത ചെലവും എല്ലായിടത്തും അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യവും ദീർഘ വീക്ഷണമില്ലാത്ത സർക്കാർ കാഴ്ചപ്പാടും മെച്ചപ്പെട്ട ജീവിത നിലവാരം തേടി പുറംരാജ്യങ്ങളിലേക്കുള്ള വരും തലമുറയുടെ കടന്നുവരവിന് കാരണമായേക്കാം . അവരെ ആകൃഷ്ടരാക്കാൻ ഇത്തരം നടപടികൾ ഉതകുന്നതോടൊപ്പം അവരുടെ തൊഴിൽ നൈപുണ്യം ഉപയോഗപ്പെടുത്താനും മറ്റുരാജ്യങ്ങൾ ശ്രമിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .