ദുബായ് തീരത്ത് ഷാരൂഖ് ഖാൻെറ 18000 കോടിയുടെ ആഢംബര പാർപ്പിട പദ്ധതി
സിനിമ മേഖലയുമായി ബന്ധപ്പെട്ടും അല്ലാതെ നിരവധി ബിസിനസ്സുകള്‍ നടത്തുന്നവരാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ദമ്പതിമാരുടെ ബിസിനസ്സില്‍ ഏറ്റവും ലാഭകരം അവരുടെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എൻറർടൈൻമെൻറ് ആണെന്നതില്‍ ആർക്കും സംശയമില്ല. എന്നാല്‍ ഇരുവർക്കും ദുബായില്‍ അധികം പേർക്കും അറിയാത്ത മറ്റൊരു ബിസിനസുണ്ട്. ദുബായ് ബീച്ച് മേഖലയില്‍ ആഢംബര പാർപ്പിട സമുച്ചയം എന്ന ബൃഹത്തായ പദ്ധതി ആരംഭിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനവുമായി ചേർന്ന് ശതകോടിക്കണക്കിന് രൂപയുടെ പുതിയ ബിസിനസ്സ് സംരംഭം 2008-ൽ ഷാരൂഖ് ഖാൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2012-ൽ സിഗ്നേച്ചർ ബീച്ച് ഫ്രണ്ട് റെസിഡൻഷ്യൽ പ്രോജക്റ്റിന് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു.
ഈ പ്രദേശത്തിന് എസ്.ആർ.കെ ബൊളിവാർഡ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. റാസൽഖൈമയിലെ ഡാന ദ്വീപുകളിൽ ദുബായിലെ ഒരു പോഷ് ഏരിയയിലാണ് എസ്ആർകെ ബൊളിവാർഡ് സ്ഥിതി ചെയ്യുന്നത്. ബ്രാഡ് പിറ്റ്, ബോറിസ് ബെക്കർ, ടൈഗർ വുഡ്‌സ് തുടങ്ങിയ പ്രമുഖരും സമാനമായ ഡീലുകളില്‍ ഏർപ്പെട്ട സമയത്ത് തന്നെയാണ് ഷാരൂഖ് ഖാനും ഈ കരാറില്‍ ഏർപ്പെട്ടിരിക്കുന്നത്. ദുബായിലെ ഏറ്റവും ആഡംബര പ്രദേശങ്ങളില്‍ ഒന്നായ ബീച്ച് ഫ്രണ്ട് ഏരിയയിലെ 10 റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ് ഷാരൂഖ് ഖാൻ ബൊളിവാർഡ്. ഈ പ്രോജക്റ്റിന് 2.17 മില്യൺ യുഎസ് ഡോളറാണ് ചെലവ്. അതായത് 18000 കോടി രൂപയിലധികം ഇന്ത്യന്‍ രൂപ വരും. റെസിഡൻഷ്യൽ ഏരിയയുടെ പ്ലാൻ രൂപകൽപ്പന ചെയ്യാൻ ബോളിവുഡ് സൂപ്പർസ്റ്റാർ ലോസ് ഏഞ്ചൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആർക്കിടെക്റ്റ് ടോണി ആശായിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രശസ്ത ഇൻറീരിയർ ഡിസൈനർ കൂടിയായ ഭാര്യ ഗൗരി ഖാൻ തന്നെയാണ് കെട്ടിടങ്ങളുടെയും വീടുകളുടെയുംഇൻറീരിയറുകൾ തയ്യാറാക്കിയിരിക്കുന്നത്. ആകെയുള്ള പത്ത് കെട്ടിടങ്ങളില്‍ 1 ബിഎച്ച്കെ, 2 ബിഎച്ച്കെ വീടുകളാണ് അടങ്ങിയിരിക്കുന്നത്. ഇതുകൂടാതെ, ആഡംബര ഭവനങ്ങളിൽ മറ്റ് സവിശേഷമായ ആധുനിക സൌകര്യങ്ങളുമുണ്ട്. മറൈൻ സ്പോർട്സ്, വിനോദ സൗകര്യങ്ങൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്. അതേസമയം, ആറ്റ്ലീ കുമാർ- ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടില്‍ പിറന്ന ജവാന്‍ എന്ന ചിത്രം ബോക്സ് ഓഫീസില്‍ റെക്കോർഡുകള്‍ തിരുത്തി മുന്നേറുകയാണ്. ഒക്ടോബര്‍ 3 വരെയുള്ള കണക്കനുസരിച്ച് 1100 കോടി നേടിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഷാരൂഖ് ഖാൻെറ തന്നെ റെഡ്ചില്ലീസാണ് ചിത്രത്തിൻെറ നിർമ്മാതാക്കള്‍.