പാസ്പോർട്ട് രഹിത യാത്ര ഇനി ദുബായ് വിമാനത്താവളത്തിൻെറ ടെർമിനല്‍-3യില്‍

വിദേശ യാത്ര നടത്തുമ്പോള്‍ കൈവശം വെക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് പാസ്പോർട്ട്. വിദേശ രാജ്യങ്ങളിലെ നമ്മുടെ ഐഡൻറിറ്റിയാണ് പാസ്പോർട്ട്. വിസയില്ലാതെ തന്നെ പല രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും പാസ്പോർട്ട് നിർബന്ധമാണ്. വിമാനത്താവളങ്ങളിലേക്ക് എത്തുമ്പോള്‍ തന്നെ പാസ്പോർട്ടുകളില്‍ വിശദമായ പരിശോധന നടത്തും.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇന്ത്യക്കാർക്ക് പാസ്പോർട്ടും വിസയും നിർബന്ധമാണ്. എന്നാല്‍ ഇപ്പോഴിതാ പ്രവാസികള്‍ക്ക്  പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് യു.എ.ഇ എയർപോർട്ട് അതോറിറ്റി. ദുബായ് വിമാനത്താവളത്തിൻെറ ടെർമിനൽ 3 ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഈ വർഷാവസാനത്തോടെ പാസ്‌പോർട്ട് രഹിത യാത്ര നടത്താന്‍ കഴിയുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്വന്തം ഐഡൻറിറ്റി വഴി യാത്രക്കാർക്ക് ചെക്ക്-ഇൻ ചെയ്യാൻ സൗകര്യമൊരുക്കുമെന്നാണ് എമിറേറ്റ്സ് എയർലൈനിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വ്യക്തമാക്കിയത്. സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക. പാസ്‌പോര്‍ട്ടിന് പകരം യാത്രക്കാരുടെ മുഖവും വിരലടയാളവുമാകും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുക.

നവംബർ-ഡിസംബർ മുതല്‍ പുതിയ സംവിധാനം ടെർമിനല്‍ 3 യില്‍ നടപ്പിലാക്കും. പരിശോധന സമയം ലഘൂകരിച്ച് എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി യാത്രക്കാർക്ക് സൗകര്യങ്ങള്‍ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സജ്ജീകരണം. ഭാവിയില്‍ എല്ലാ ടെർമിനുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിച്ചേക്കും.

ബയോമെട്രിക്‌സ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന പുതിയ സംവിധാനം യാത്രാരംഗത്ത് വലിയ രീതിയിലുള്ള പരിവർത്തനങ്ങള്‍ക്ക് ഇടം നല്‍കുമെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഡെപ്യൂട്ടി ഡയറക്ടർ  വ്യക്തമാക്കിയത്.  സ്മാർട്ട് പാസേജിൽ പ്രവർത്തിക്കുന്ന ടെർമിനല്‍ ആയതിനാല്‍ എല്ലാം ബയോമെട്രിക് ആയി ചെയ്യപ്പെടും. സുഗമവും തടസ്സമില്ലാത്തതുമായ യാത്രയ്‌ക്കായി  ഇലക്ട്രോണിക് ഗേറ്റുകൾക്ക് പകരം സ്‌മാർട്ട് ഗേറ്റുകൾ സ്ഥാപിക്കും. നവംബറിൽ ഇത് നടപ്പിലാക്കും.

ദുബായ് എയർപോർട്ട്‌സ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പദ്ധതിക്കായി പ്രവർത്തിച്ച് വരികയാണ്. യാത്രക്കാർക്ക് പൂർണ്ണമായ സ്‌പർശനരഹിത യാത്ര സുഗമമാക്കുന്നതിന് കൂടിയാണ് ബയോമെട്രിക് സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്. ഇനി മുതല്‍ പാസ്‌പോർട്ടുകൾക്ക് പകരം യാത്രക്കാരുടെ മുഖവും വിരലടയാളവുമാണ് അവരുടെ ഐഡന്റിറ്റി ആയിരിക്കുകയെന്നും ദുബായ് എയർപോർട്ട് അധികൃതർ പറഞ്ഞു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.