വേനലവധി യാത്രകൾ ഉടൻ പ്ലാൻ ചെയ്യൂ ; കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നേടൂ
വേനലവധിയാകാൻ ഇനി വലിയ താമസമില്ല. സ്കൂൾ അടച്ചാൽ വീട്ടിൽ പോക്കും ടൂർ പ്ളാനുകളുമായി ഇനി യാത്രകളുടെ സമയമാണ്. . ഈസ്റ്ററും വിഷുവും ഉൾപ്പെടെയുള്ള അവധികളുടെ സമയവും ഇതു തന്നെയാണ്. അതിനാൽ നേരത്തെ തന്നെ യാത്രകൾ പ്ലാൻ ചെയ്യുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും വേണം.
വിമാനയാത്രകളാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ ടിക്കറ്റ് നിരക്ക് യാത്രയുടെ ബജറ്റിൻെറ സിംഹഭാഗവും കൊണ്ടുപോകും. എന്നാൽ വിമാനയാത്ര ഒഴിവാക്കുവാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ഒപ്പിക്കുക എന്നതാണ് ഒരു വഴി. ഇതാ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റുകള്‍ കിട്ടാൻ പ്രയോഗിക്കാവുന്ന ചില വഴികൾ നോക്കാം .
വേനലവധി തുടങ്ങുവാൻ ഇനിയും ആഴ്ചകൾ ബാക്കിയുണ്ട്. നിങ്ങളുടെ യാത്ര പ്ലാൻ സെറ്റ് ആയെങ്കിൽ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് വേണ്ടത്. കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്താൻ സഹായിക്കുന്ന ഒരു വഴി യാത്രാ തീയതിക്ക് വളരെ മുമ്പേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതാണ്. എത്രയും നേരത്തെ ബുക്ക് ചെയ്യുന്നുവോ അത്രയും നല്ലത്. ഈ രംഗത്തെ കണക്കുകൾ അനുസരിച്ച് യാത്രാ തീയതിയുടെ അഞ്ചര മാസത്തിനും ഒന്നര മാസത്തിനും മുമ്പായി (164 ദിവസത്തിനും 46 ദിവസത്തിനും മുമ്പ്) ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കാൻ നല്ലത്. എന്നാൽ ഇതിലും ശ്രദ്ധിക്കേണ്ടത് പ്രൈവസി മോഡിൽ അഥവാ ഇൻകോഗ്നിറ്റോ മോഡിൽ സേർച്ച് ചെയ്യുവാനാണ്. ഇത് നിങ്ങളുടെ സേർച്ച് ഹിസ്റ്ററിയോ സേർച്ചിംഗ് രീതികളോ എയർലൈനുകൾക്ക് കിട്ടാതിരിക്കാൻ സഹായിക്കും. അല്ലാത്തപക്ഷം നിങ്ങൾ തുടര്‍ച്ചയായി ഒരു റൂട്ടിലെ ടിക്കറ്റ് നിരക്ക് സേർച്ച് ചെയ്താൽ കുക്കീകൾ വഴി എയര്‍ലൈനുകൾ ഈ വിവരം എടുക്കുകയും ചിലപ്പോൾ ആ റൂട്ടിലെ നിരക്ക് കൂടിയ രീതിയിൽ കാണിക്കുകയും ചെയ്യും.
ചെലവ് കുറഞ്ഞ വിമാനയാത്രയ്ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയവും പോകുന്ന വിമാനത്താവളവും ആണ്. ഈ രണ്ട് കാര്യങ്ങൾക്കും ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ചിലപ്പോൾ നിങ്ങൾ പ്ലാൻ ചെയ്യുന്ന യാത്രാ തീയതിയിൽ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ നോക്കിയാൽ ചിലപ്പോൾ വലിയ വ്യത്യാസം കാണാൻ കഴിഞ്ഞേക്കും. മറ്റൊന്ന് യാത്ര പോകുന്ന വിമാനത്താവളമാണ്. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിന് അടുത്തുള്ള ഒന്നോ രണ്ടോ വിമാനത്താവളങ്ങളുടെ ടിക്കറ്റ് നിരക്കും താരതമ്യം ചെയ്യണം. ചിലപ്പോൾ പ്രധാന വിമാനത്താവളത്തിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ തൊട്ടടുത്തുള്ള മറ്റു വിമാനത്താവളങ്ങളിൽ നിരക്ക് കണ്ടേക്കാം. അതോടൊപ്പം യാത്രയോട് അടുത്ത തീയതികളിലെ സമീപത്തെ വിമാനത്താവളങ്ങളിലെ ടിക്കറ്റ് നിരക്കു കൂടി താരതമ്യം ചെയ്തേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ.
മറ്റൊന്ന്, കണക്ടിംഗ് ഫ്ലൈറ്റുകളാണ്. ഡയറക്ട് ഫ്ലൈറ്റിനേക്കാൾ ചെലവ് കുറഞ്ഞതായി കണ്ടുവരുന്നത് കണക്ടിംഗ് ഫ്ലൈറ്റുകൾക്കാണ്. ചെലവു കുറഞ്ഞ വിമാനയാത്രയ്ക്ക് കണക്ടിംഗ് ഫ്ലൈറ്റുകൾ സഹായിക്കും. ചെലവ് കുറഞ്ഞ വിമാന യാത്രയ്ക്ക് മറ്റൊരു പ്രധാന കാര്യം ബജറ്റ് എയർലൈനുകളെ ആശ്രയിക്കുക എന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ പ്രതീക്ഷിക്കാവൂ എങ്കിലും പോക്കറ്റ് കാലിയാക്കാതെ സ്ഥലത്തെത്തുവാൻ ബജറ്റ് എയർലൈനുകൾ സഹായിക്കും. ചിലപ്പോൾ ചില എയർലൈനുകൾ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. പ്രത്യേക റൂട്ടുകളിലേക്ക് ഈ സമയത്ത് ഓഫർ വരുമ്പോൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്ത് നിങ്ങളുടെ യാത്ര ഉറപ്പിക്കാം.