ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര യാത്ര പോവാൻ ഇപ്പോൾ പറ്റിയ സമയം

ഇപ്പോൾ പോയില്ലെങ്കിൽ നഷ്ടമെന്ന് നമ്മൾ ചിലപ്പോൾ പറയാറില്ലേ… ചെലവു കുറഞ്ഞ യാത്രകളും വെക്കേഷനും ഒക്കെ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതാണ് പോകുന്ന സമയം. എപ്പോഴാണ് നിങ്ങൾ പോകുന്നത് എന്നതിനെ ആശ്രയിച്ചാണ് യാത്രയുടെ ഭൂരിഭാഗം ചെലവും വരുന്നത്.   ഈ വര്‍ഷം എപ്പോഴെങ്കിലും ഒരു അന്താരാഷ്ട്ര യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം ഇതാ ഇപ്പോഴാണ്.
ഇന്ത്യൻ യാത്രക്കാർക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ അഞ്ച് വിസാ അപ്ഡേറ്റുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള വിസാ രഹിത പ്രവേശനം മുതൽ ഇന്ത്യക്കാർക്ക് ഷെങ്കൻ വിസയിലുള്ള ആനുകൂല്യങ്ങൾ വരെ എടുത്തുപറയേണ്ടതുണ്ട് . ഇത് നിങ്ങളുടെ അടുത്ത യാത്ര എവിടേക്ക് പോകണമെന്നും എങ്ങനെ മികച്ചതാക്കാമെന്നും തീരുമാനിക്കാനുള്ള അവസരമാണ്.

അറിഞ്ഞിരിക്കേണ്ട 5 വിസ അപ്ഡേറ്റുകൾ

1. ശ്രീലങ്കയിലേക്ക് വിസാ രഹിത യാത്ര

ഈ വര്‍ഷം കുറഞ്ഞ ചെലവിൽ ഒരു വിദേശ യാത്ര പ്ലാൻ ചെയ്യുന്നവരുടെ ഫസ്റ്റ് ചോയ്സുകളിലൊന്നാണ് ശ്രീലങ്ക. ഇന്ത്യന്‍ സഞ്ചാരികൾക്ക് ഒരു ബന്ധുവീട്ടിലെത്തിയ പ്രതീതി നൽകുന്ന ശ്രീലങ്ക ടൂറിസം രംഗത്ത് ഇന്ത്യക്കാർക്ക് നൂറു ശതമാനവും ആശ്രയിക്കുവാൻ പറ്റുന്ന രാജ്യമാണ്. ഇന്ത്യൻ സഞ്ചാരികൾക്ക് വിസാ രഹിത പ്രവേശനമാണ് ശ്രീലങ്ക നൽകുന്നത്. രാജ്യത്തിന്‍റെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യ വിസ അനുവദിച്ചിരുന്നു. രാജ്യത്തേക്ക് എത്തുന്നതിനു മുൻപ് വെബ്സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കേണ്ടതാണ്.  നിങ്ങളുടെ കൈവശം സാധുവായ പാസ്പോർട്ട് ഉണ്ടായിരിക്കുകയും ഇവിടെ എത്തിയതിനു ശേഷം ആറുമാസമെങ്കിലും കാലാവധി  ഉണ്ടായിരിക്കുകയും വേണം.

2.തായ് ലൻഡ് വിസാ രഹിത യാത്ര

ശ്രീ ലങ്ക മാത്രമല്ല, തായ് ലൻഡും ഇന്ത്യൻ സ‍ഞ്ചാരികൾക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിരുന്നത് വീണ്ടും നീട്ടിയിട്ടുണ്ട്. തായ്‌ലൻഡ് ടൂറിസം അതോറിറ്റി നേരത്തെ 2024 മെയ് 10 വരെ വിസ രഹിത പ്രവേശനം അനുവദിച്ചിരുന്നത് ഇപ്പോൾ 2024 നവംബർ 10 വരെ അധികമായി ആറ് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഈ കാലയളവി ഇന്ത്യക്കാർക്ക് വിസ രഹിത പ്രയോജനപ്പെടുത്താം. ഇത് കൂടാതെ 30 ദിവസം രാജ്യത്ത് താമസിക്കുകയും ചെയ്യാം.

3. ഇന്ത്യക്കാർക്ക് ജപ്പാൻ ഇ-വിസ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ജപ്പാൻ മാറിയത് വളരെ പെട്ടെന്നാണ് . വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് ജപ്പാൻ ഇ-വിസ സേവനം അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കും ഇപ്പോൾ VFS ഗ്ലോബൽ നിയന്ത്രിക്കുന്ന ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോം വഴി ഇ- വിസ നേടാം. മറ്റൊന്ന് നേരത്തെ ഉള്ളതുപോലെ വിസകൾ ഇനി മുതൽ പാസ്‌പോർട്ടുകളിൽ ഫിസിക്കൽ സ്റ്റിക്കറുകളായി ഒട്ടിക്കില്ല; പകരം, അവ ഡിജിറ്റലായി ഇഷ്യൂ ചെയ്യപ്പെടുകയായിരിക്കും. ഒറ്റത്തവണ പ്രവേശനത്തിൽ 90 ദിവസം വരെ തങ്ങുന്നതിന് ഈ ഹ്രസ്വകാല ടൂറിസം വിസ മതിയാവും.

4. ദുബായ് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ

ഇന്ത്യക്കാരായ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ മറ്റൊന്നാണ് ദുബായ് നൽകുന്ന 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ വഴി ഓരോ വർഷവും പരമാവധി 180 ദിവസം രാജ്യത്ത് തുടരുവാനും ഓരോ സന്ദർശനത്തിനും 90 ദിവസം വരെ താമസം സാധ്യമാക്കാനും കഴിയും. ദുബായ് നിങ്ങളുടെ പ്രിയപ്പെട്ട വെക്കേഷൻ ഡെസ്റ്റിനേഷൻ ആണെങ്കിൽ ഈ വിസയെടുക്കുന്നത് പരിഗണിക്കാം, അഞ്ച് വർഷത്തിനുള്ളിൽ അൺലിമിറ്റഡ് എൻട്രികളും എക്സിറ്റുകളും ആണ്  നൽകുന്നത്.

5.മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസ

ഇന്ത്യക്കാർക്ക് ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനം കൂടുതൽ സുഗമമാക്കുന്നതിനായി പരിഗണിക്കാവുന്ന ഒന്നാണ് മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസ. ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷത്തേക്ക് സാധുതയുള്ള ദീർഘകാല, മൾട്ടി-എൻട്രി ഷെങ്കൻ വിസകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 18 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വിസ ‘കാസ്‌കേഡ്’ വ്യവസ്ഥയ്ക്ക് കീഴിലാണ് വരുന്നത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.